ന്യൂഡെൽഹി: കർഷകർ ഉൾപ്പടെ 9 പേരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് ശേഷം ലഖിംപൂർ ഖേരിയിൽ ഇന്റർനെറ്റ് ബന്ധം പുനഃസ്‌ഥാപിച്ചു. സംഭവത്തിന് പിന്നാലെ മണിക്കൂറുകൾക്കകം പ്രദേശത്തെ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചിരുന്നു. നിലവിൽ ദിവസങ്ങൾ കഴിഞ്ഞ ശേഷമാണ് ഇപ്പോൾ വീണ്ടും ഇന്റർനെറ്റ് ബന്ധം പുനഃസ്‌ഥാപിച്ചത്.
അതേസമയം ലഖിംപൂർ ഖേരിയിൽ കർഷകർ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ന് യുപി പോലീസ് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ ചോദ്യ ചെയ്യും. ഇന്ന് രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ ആശിഷ് മിശ്രക്ക് സമൻസ് അയച്ചിരുന്നു. കൂടാതെ കേന്ദ്രമന്ത്രിയുടെ വീടിന് മുന്നിൽ പോലീസ് നോട്ടീസും പതിച്ചിട്ടുണ്ട്.
കേന്ദ്രമന്ത്രി അജയ് മിശ്രയുടെ സന്ദർശനത്തിനെതിരെ പ്രതിഷേധിച്ച കർഷകരുടെ ഇടയിലേക്കാണ് ആശിഷ് മിശ്രയുടെ വാഹനം ഇടിച്ചു കയറ്റിയത്. ഇതേ തുടർന്ന് 4 കർഷകർ ഉൾപ്പടെ 9 പേർക്കാണ് ജീവൻ നഷ്‌ടമായത്. സംഭവത്തിൽ ആശിഷ് മിശ്രക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെങ്കിലും ഇതുവരെ അറസ്‌റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമാകുന്നുണ്ട്. കൂടാതെ പ്രതികൾക്ക് ഉചിതമായ ശിക്ഷ ലഭിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും കർഷക സംഘടനകൾ വ്യക്‌തമാക്കി.
Read also: സിറോ സർവേ; സംസ്‌ഥാനത്തെ പഠനഫലം ഇന്ന് പുറത്തുവിടും