ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ പ്രതിഷേധിച്ച കര്‍ഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്ര ജയിലിൽ തിരിച്ചെത്തി. സുപ്രീം കോടതി ഇയാളുടെ ജാമ്യം റദ്ദാക്കിയ സാഹചര്യത്തിലാണ് ജയിലിൽ മടങ്ങിയെത്തിയത്. യുപി പോലീസിന് മുമ്പാകെ ഹാജരായ ആശിഷ് മിശ്രയെ ലഖിംപൂര്‍ ജയിലിലേക്ക് കൊണ്ടുപോയി.
ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കിയ സുപ്രീം കോടതി ഇയാളോട് ഒരാഴ്‌ചക്കകം പോലീസിന് മുമ്പാകെ ഹാജരാകാൻ ഉത്തരവിട്ടിരുന്നു. അലഹബാദ് ഹൈക്കോടതി ഫെബ്രുവരിയിലാണ് ഇയാള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നത്. ഇത് ചോദ്യം ചെയ്‌ത് സമര്‍പ്പിച്ച അപ്പീലിലാണ് സുപ്രീം കോടതി ജാമ്യം റദ്ദാക്കിയത്. ചീഫ് ജസ്‌റ്റിസ് എന്‍വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ചായിരുന്നു കേസ് പരിഗണിച്ചിരുന്നത്. ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നില്ല.
അനാവശ്യമായ തിടുക്കവും പരിഗണനകളും നല്‍കിയാണ് ആശിഷ് മിശ്രക്ക് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. തികച്ചും അപ്രസക്‌തമായ വസ്‌തുതകള്‍ കണക്കിലെടുത്താണ് ഹൈക്കോടതിയുടെ നടപടി. പരാതിക്കാരുടെ വാദം കേള്‍ക്കാതെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പരാതിക്കാര്‍ക്ക് ജാമ്യം എതിര്‍ത്ത് കോടതിയില്‍ വാദം ഉന്നയിക്കാന്‍ നിയമപരമായ അവകാശം ഉണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ഈ വസ്‌തുതകള്‍ കണക്കിലെടുത്ത് ഇരകള്‍ക്ക് ആവശ്യമായ പരിഗണനകള്‍ നല്‍കുകയും അവരുടെ വാദം കേള്‍ക്കുകയും ചെയ്‌തശേഷം ആശിഷ് മിശ്രയുടെ ജാമ്യം വീണ്ടും പരിഗണിക്കാന്‍ ഹൈക്കോടതിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. നിലവില്‍ ഈ ജാമ്യം റദ്ദാക്കുകയാണെന്നും ഒരാഴ്‌ചക്കകം ആശിഷ് മിശ്ര കീഴടങ്ങണമെന്നും കോടതി വ്യക്‌തമാക്കിയിരുന്നു.
Most Read: വൈറലായി ജയിലിലെ ഡോഗ് സ്‌ക്വാഡിന്റെ ‘ചാമ്പിക്കോ’