ചെന്നൈ: തമിഴ്‌നാട്ടിൽ വീണ്ടും ജനപ്രിയ തീരുമാനവുമായി മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനങ്ങളുടെ എണ്ണം വെട്ടിക്കുറച്ചാണ് ഇത്തവണ സ്‌റ്റാലിൻ ജനശ്രദ്ധ നേടുന്നത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നു പോകുമ്പോൾ ഉണ്ടാകുന്ന ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായാണ് അകമ്പടി വാഹനങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കിയത്. ചീഫ് സെക്രട്ടറിയുമായും, മുതിർന്ന പോലീസ് ഉദ്യോഗസ്‌ഥരുമായും നടത്തിയ ചർച്ചക്ക് ശേഷമാണ് അദ്ദേഹം തീരുമാനം എടുത്തത്.
തന്റെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ ഏർപ്പെടുത്തുന്ന ഗതാഗത നിയന്ത്രണങ്ങൾ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്നതായി കണ്ടെത്തിയതോടെയാണ് പുതിയ തീരുമാനം നടപ്പാക്കാൻ സ്‌റ്റാലിൻ ഒരുങ്ങുന്നത്. ഇതിന്റെ അടിസ്‌ഥാനത്തിൽ 12 അകമ്പടി വാഹനങ്ങൾ ഉള്ളത് 6 ആയി വെട്ടിച്ചുരുക്കുകയാണ് അദ്ദേഹം. രണ്ട് പൈലറ്റ് വാഹനവും മൂന്ന് അകമ്പടി വാഹനവും ഒരു ജാമര്‍ വാഹനവുമാകും ഇനി എംകെ സ്‌റ്റാലിന്റെ വാഹനവ്യൂഹത്തിലുണ്ടാവുക.
അകമ്പടി വാഹനങ്ങളുടെ എണ്ണം വെട്ടി കുറക്കുന്നതിനൊപ്പം തന്നെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനായി പൊതുജനങ്ങളുടെ വാഹനങ്ങള്‍ തടഞ്ഞുള്ള പ്രത്യേക ഗതാഗത നിയന്ത്രണങ്ങളുടെ ആവശ്യവുമില്ലെന്നും സ്‌റ്റാലിന്‍ വ്യക്‌തമാക്കി. ഈ നിർദ്ദേശം നേരത്തെ സ്‌റ്റാലിൻ നൽകിയിരുന്നെങ്കിലും അത് നടപ്പായിരുന്നില്ല.
Read also: ‘ലഖിംപൂർ വിഷയം ഹിന്ദു- സിഖ് യുദ്ധമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നു’; വരുൺ ഗാന്ധി