കോഴിക്കോട്: മാവൂർ റോഡിലുള്ള കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ ബലക്ഷയത്തെ തുടർന്നുള്ള ക്രമക്കേടിൽ പ്രതിക്ഷേധം ശക്തമാകുന്നു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, ക്രമക്കേടിൽ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി സമുച്ചയത്തിന് മുന്നിൽ ഇന്ന് യുവമോർച്ച നടത്തിയ മാർച്ചിൽ നേരിയ സംഘർഷമുണ്ടായി. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
അതിനിടെ കെട്ടിടത്തിന്റെ നിർമാണ ചുമതല സ്വകാര്യ കമ്പനിക്ക് നൽകിയതിലെ ക്രമക്കേടിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടുണ്ട്. 75 കോടി രൂപാ ചിലവിൽ നിർമിച്ച കെഎസ്ആര്‍ടിസി സമുച്ചയത്തിന്റെ നടത്തിപ്പ് ചുമതല 2018 ലാണ് കോഴിക്കോട്ടെ ആലിഫ് ബിൽഡേഴ്സിന് ലഭിക്കുന്നത്. എന്നാൽ, മുൻകൂറായി കൊടുക്കേണ്ട മുഴുവൻ തുകയും നൽകിയില്ലെന്നും ടെൻഡർ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും കാണിച്ച് ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെആർ ജ്യോതിലാൽ കെടിഡിഎഫ്സിക്ക് കത്ത് നൽകിയിരുന്നു.
മാനദണ്ഡങ്ങൾ പാലിക്കാത്തപക്ഷം ടെൻഡർ റദ്ദാക്കണമെന്നും ആലിഫ് ബിൽഡേഴ്സിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നും നിർദ്ദേശിച്ചായിരുന്നു 2020 ജനുവരി 30ന് കെടിഡിഎഫ്സിക്ക് പ്രിൻസിപ്പൽ സെക്രട്ടറി കത്ത് നൽകിയത്. എന്നാൽ, കരാർ റദ്ദാക്കരുതെന്ന് കാണിച്ച് ആലിഫ് ബിൽഡേഴ്സും സർക്കാരിനെ സമീപിച്ചിരുന്നു. തുടർന്ന്, കഴിഞ്ഞ സർക്കാരിന്റെ അവസാന ക്യാബിനറ്റ് യോഗത്തിലാണ് 17 കോടി നിക്ഷേപത്തിലും പ്രതിമാസം 43 ലക്ഷം വാടകയ്ക്കുമായി ആലിഫ് ബിൽഡേഴ്സിന് സമുച്ചയത്തിന്റെ നടത്തിപ്പ് ചുമതല കൈമാറിയത്. ഇതിൽ ഒത്തുകളി നടന്നെന്ന ആരോപണമാണ് ഉയരുന്നത്.
Most Read: ഈരാറ്റുപേട്ട; നഗരസഭാ അധ്യക്ഷ സ്ഥാനം നിലനിർത്തി യുഡിഎഫ്







































