തൃശൂർ: ജില്ലയിൽ വിവിധ ഇടങ്ങളിൽ കനത്ത മഴ തുടരുന്നു. പെരിങ്ങൽക്കുത്ത് ഡാമിന്റെ വാൽവുകൾ തുറന്നതിനാൽ ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരുന്ന നിലയാണ്. താഴ്‌ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിത്തുടങ്ങി. പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് കളക്‌ടർ നിർദ്ദേശിച്ചു.
തൃശൂരിൽ ഇന്നലെയും ഇന്നുമായി കനത്ത മഴയാണ് പെയ്യുന്നത്. മലയോര പ്രദേശങ്ങളിലും നഗര പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്.
മധ്യകിഴക്കന്‍ അറബിക്കടലിലെ ചക്രവാതചുഴിയുടെ സ്വാധീനത്തില്‍ സംസ്‌ഥാനത്ത് മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സംസ്‌ഥാനത്ത് വിവിധയിടങ്ങളില്‍ കനത്ത മഴ തുടരുകയാണ്. മലപ്പുറം കരിപ്പൂരില്‍ കനത്ത മഴയിൽ വീട് തകര്‍ന്ന് രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു. റിസ്‌വാന (8), റിന്‍സാന (7 മാസം) എന്നീ കുഞ്ഞുങ്ങളാണ് മരിച്ചത്. പുലര്‍ച്ചെ അഞ്ചേ മുക്കാലോടെ ആയിരുന്നു ദാരുണ സംഭവം.
പാലക്കാട് ജില്ലയില്‍ അര്‍ധരാത്രി മുതല്‍ മഴ ശക്‌തമാണ്. അട്ടപ്പാടിയില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. പത്താം വളവിന് സമീപം പുലര്‍ച്ചെയാണ് സംഭവം. നെല്ലിയാമ്പതി റോഡിലും മരം വീണു.
അതേസമയം ഇടുക്കി ജില്ലയില്‍ കനത്ത മഴയും മണ്ണിടിച്ചിലും കണക്കിലെടുത്ത് ജില്ലയിലൂടെയുള്ള രാത്രിയാത്ര നിരോധിച്ചിട്ടുണ്ട്. വൈകിട്ട് 7 മുതല്‍ പുലര്‍ച്ചെ 6 വരെയാണ് യാത്രാനിരോധനം ഏർപ്പെടുത്തിയത്. അവശ്യ സര്‍വീസുകള്‍ക്കും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും നിരോധനം ബാധകമല്ലെന്ന് അധികൃതർ അറിയിച്ചു.
Most Read: ശക്‌തമായ മഴ ഇന്നും തുടരും; ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്







































