കോഴിക്കോട്: ഈങ്ങാപ്പുഴയിൽ വനിതാ സംരംഭകയുടെ വീടും ഫാക്‌ടറിയും ജപ്‌തി ചെയ്‌ത സംഭവത്തിൽ ഇടപെട്ട് രാഹുൽ ഗാന്ധി. രാഹുലിന്റെ നിർദ്ദേശപ്രകാരം ഡിസിസി പ്രസിഡണ്ട് കെ പ്രവീൺ കുമാറും കോൺഗ്രസ് നേതാക്കളും സ്‌ഥലത്തെത്തി വേണ്ട സഹായം ഉറപ്പ് നൽകി.
കമ്യൂണിസ്‌റ്റ് പാർട്ടി കാരണം ഒരു സംരംഭക കൂടി തെരുവിലേക്കിറങ്ങേണ്ടി വന്നുവെന്നും ഇവർക്ക് ലോണടക്കാൻ സാവകാശം നൽകണമെന്നും ഡിസിസി പ്രസിഡണ്ട് പ്രവീൺ കുമാർ ആവശ്യപ്പെട്ടു. സിപിഎമ്മിന്റെ കൊടികുത്തി സമരത്തെ തുടർന്ന് വിവാദത്തിലായ ഈങ്ങാപ്പുഴയിലെ വനിതാ സംരംഭകയുടെ വീടും ഫാക്‌ടറിയും കഴിഞ്ഞ ബുധനാഴ്‌ചയാണ് എസ്‌ബിഐ ബാങ്ക് ജപ്‌തി ചെയ്‌തത്.
റബ്ബർ സംസ്‌കരണ യൂണിറ്റിനായി വീടും പറമ്പും ഈടുവെച്ച് 2017ൽ ജൂലി ടോമി ഈങ്ങാപ്പുഴ എസ്‌ബിഐ ശാഖയിൽ നിന്നെടുത്ത ഒരു കോടി 25 ലക്ഷം രൂപയുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്നാണ് സർഫാസി നിയമപ്രകാരമുള്ള നടപടി. കോടതി ഉത്തരവ് പ്രകാരം ബുധനാഴ്‌ച വൈകിട്ട് ജപ്‌തി നടപടികൾ പൂർത്തിയാക്കി.
വീടും കിടപ്പാടവും നഷ്‌ടമായതോടെ നാട്ടുകാർ ഏർപ്പാടാക്കിയ വാടക വീട്ടിലേക്ക് സംരംഭക ജൂലിയും കുടുംബവും താമസം മാറി. സംരംഭത്തിന് എതിരെ തുടക്കം മുതൽ തന്നെ സിപിഎം എതിർപ്പ് ഉന്നയിച്ചിരുന്നുവെന്ന് ജൂലിയുടെ ഭർത്താവ് ടോണി ആരോപിച്ചു. സിപിഎമ്മിന്റെ എതിർപ്പിനെ തുടർന്നാണ് സംരംഭം പൊളിഞ്ഞതെന്നും തിരിച്ചടവിന് ബാങ്ക് സാവകാശം നൽകിയില്ലെന്നും ജൂലി പറഞ്ഞു.
Also Read: തിരുവനന്തപുരം വിമാനത്താവളം: പുതിയ മാറ്റത്തെ പോസിറ്റീവായി കാണുന്നു; തരൂർ






































