കോട്ടയം: ജില്ലയിലെ കൂട്ടിക്കലിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഓലിക്കൽ ഷാലറ്റി(29)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ കൂട്ടിക്കൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം നാലായി. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ഉരുൾപൊട്ടലിൽ നാല് വീടുകൾ പൂർണമായി തകർന്നു. കാണാതായവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഫയർഫോഴ്‌സും ദേശീയ ദുരന്തനിവാരണ സേനയും കരസേനയും സംയുക്‌തമായാണ് തിരച്ചിൽ നടത്തുന്നത്. കൂട്ടിക്കൽ പഞ്ചായത്ത് ഒറ്റപ്പെട്ട നിലയിലാണ്. മേഖലയിൽ വൻ നാശനഷ്‌ടമാണ് ഉണ്ടായിട്ടുള്ളത്.
അതേസമയം ജില്ലയിൽ 33 ദുരിതാശ്വാസ ക്യാംപുകൾ തുറന്നിട്ടുണ്ട്. കാഞ്ഞിരപ്പള്ളി താലൂക്കിൽ 19ഉം മീനച്ചിൽ താലൂക്കിൽ 13ഉം ക്യാംപുകൾ തുറന്നു. ജില്ലയിൽ വൈദ്യുതി വിതരണം താറുമാറായ അവസ്‌ഥയിലാണ്.
ഇടുക്കി ജില്ലയിലെ കൊക്കയാറിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ആറ് പേർ മണ്ണിനടിയിലായി. പൂവഞ്ചിയിൽ അഞ്ച് പേരെയും മുക്കുളത്ത് ഒരാളെയുമാണ് കാണാതായത്. ഇടുക്കി പൂവഞ്ചിയിൽ നാല് വീടുകൾ ഒഴുകിപ്പോയി. പതിനേഴ് പേരെ രക്ഷപ്പെടുത്തി. കൊക്കയാറിൽ തിരച്ചിലിനായി തൃപ്പൂണിത്തുറ, ഇടുക്കി എന്നിവിടങ്ങളിൽ നിന്നും ഡോഗ് സ്‌ക്വാഡും എത്തും.
Most Read: കനത്ത മഴ; സംസ്‌ഥാനത്ത് കൂടുതൽ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു








































