കണ്ണൂർ: പയ്യന്നൂരിലെ സുനീഷ ആത്മഹത്യ ചെയ്ത സംഭവത്തിൽ നീതി കിട്ടിയില്ലെന്ന ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്ത്. പ്രതികളെ ജാമ്യത്തിൽ വിട്ടത് നീതി നിഷേധമാണെന്ന് സുനീഷയുടെ കുടുംബം ആരോപിക്കുന്നു. സുനീഷയെ ഭർതൃ വീട്ടുകാർ കൊന്നതാണെന്നാണ് അമ്മ വനജ ആരോപിക്കുന്നത്. പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായതായും മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകിയിട്ടും പരിഹാരമുണ്ടായില്ലെന്നും അമ്മ വനജ പറഞ്ഞു. സംഭവത്തിൽ നീതി ലഭിക്കുന്നതുവരെ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം തുടങ്ങുമെന്നും കുടുംബം പറഞ്ഞു.
ഒന്നരവർഷം മുമ്പാണ് പയ്യന്നൂർ കോറോം സ്വദേശി സുനീഷയും വിജീഷും തമ്മിൽ വിവാഹിതരാകുന്നത്. ഭർത്താവിന്റെ വീട്ടിൽ നിന്ന് സുനീഷ നിരന്തരം ശാരീരിക-മാനസിക പീഡനങ്ങൾ അനുഭവിച്ചിരുന്നു. തുടർന്ന് ഒരു മാസം മുമ്പാണ് ഭർതൃവീട്ടിലെ ശുചിമുറിയിൽ സുനീഷയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നീട് ഭർത്താവ് വിജീഷിൽ നിന്നും മർദ്ദനം വ്യക്തമാകുന്ന സുനിഷയുടെ ഓഡിയോ പുറത്ത് വന്നിരുന്നു. പിന്നാലെയാണ് വിജേഷിനെയും മാതാപിതാക്കളെയും അറസ്റ്റ് ചെയ്തത്.
ഇവർക്കെതിരെ ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരുന്നത്. സുനീഷ ഭർതൃ വീട്ടിൽ നേരിട്ടത് കൊടിയ പീഡനമാണെന്ന് വെളിപ്പെടുത്തി വല്യമ്മ ദേവകിയും രംഗത്തെത്തിയിരുന്നു. സുനീഷയ്ക്ക് സ്ഥിരമായി ഭർതൃ വീട്ടിൽ നിന്ന് മർദ്ദനം ഏറ്റിരുന്നതായി അവർ വെളിപ്പെടുത്തി. സുനീഷയ്ക്ക് ഭക്ഷണം നൽകിയിരുന്നില്ലെന്നും ഇവർ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. സ്വന്തം വീട്ടിലേക്ക് വിളിക്കാനോ പോകാനോ സുനീഷയെ അനുവദിച്ചിരുന്നില്ലെന്നും അവർ വെളിപ്പെടുത്തിയിരുന്നു.
Most Read: ആനത്തോട് ഡാം തുറന്നു; പമ്പാ തീരങ്ങളിൽ ജാഗ്രതാ നിർദ്ദേശം







































