ശ്രീനഗര്‍: ജമ്മു കശ്‍മീരിലെ വിവിധ പ്രദേശങ്ങളില്‍ വ്യാപക റെയ്‌ഡുമായി എന്‍ഐഎ. ഭീകരര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ നല്‍കിയവരെ കണ്ടെത്തുന്നതിന് വേണ്ടിയാണ് ശ്രീനഗര്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ പരിശോധന നടത്തുന്നത്. അറസ്‌റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.
ജമ്മു കശ്‍മീരില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ പ്രദേശവാസികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പശ്‌ചാത്തലത്തിലാണ് എന്‍ഐഎ വ്യാപക പരിശോധന നടത്തുന്നത്. രണ്ട് അധ്യാപകരുള്‍പ്പടെ പതിനൊന്ന് പ്രദേശവാസികളാണ് കൊല്ലപ്പെട്ടത്.
ബരാമുള്ള ജില്ലയിലെ ഫത്തേഗഡിലെ ആരിഫ് മന്‍സൂര്‍ ഷെയ്‌ഖിന്റെ വസതിയിലും, ഹുറിയത് നേതാവ് അബ്‌ദുല്‍ റാഷിദിന്റെ ഔദോറയിലെ വീട്ടിലും പരിശോധന നടത്തിയതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.
കഴിഞ്ഞ ആഴ്‌ച ഡെല്‍ഹി, ഉത്തര്‍പ്രദേശ് തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എന്‍ഐഎ പരിശോധന നടത്തിയിരുന്നു.
അതേസമയം ജമ്മു കശ്‌മീരിലെ ഷോപ്പിയാൻ, അനന്ത്നാഗ്, പുൽവാമ എന്നിവിടങ്ങളിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ഇവിടങ്ങളിൽ ഭീകരവാദികളുണ്ടെന്ന വിവരത്തിന്റെ അടിസ്‌ഥാനത്തിൽ തിരച്ചിൽ നടത്തുകയായിരുന്ന സൈന്യത്തെ ഭീകരവാദികൾ ആക്രമിക്കുകയായിരുന്നു. സേനാവിഭാഗങ്ങളും സിആർപിഎഫും പോലീസും ഉൾപ്പടെ ഉള്ള സംയുക്‌ത സേനയാണ് തിരച്ചിൽ നടത്തുന്നത്.
Most Read: യുപിയിൽ കന്യാസ്‍ത്രീകളെ ആക്രമിച്ച് ഹിന്ദു യുവവാഹിനി പ്രവർത്തകർ; പരാതി








































