കണ്ണൂർ: ജില്ലയിൽ തിമിംഗല ഛർദ്ദിലുമായി (ആംബർഗ്രീസ്) രണ്ടുപേർ പിടിയിൽ. കണ്ണൂർ കോയിപ്ര സ്വദേശി ഇസ്‌മായിൽ (44), ബെംഗളൂരു കോറമംഗല സ്വദേശി അബദുർ റഷീദ് (53) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇവർ സഞ്ചരിച്ച വാഹനവും പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. ഒമ്പത് കിലോയിലധികം വരുന്ന ആംബർഗ്രീസിന് ആഗോള മാർക്കറ്റിൽ 30 കോടിയോളം വിലവരുമെന്ന് വനംവകുപ്പ് ഉദ്യോഗസ്‌ഥർ അറിയിച്ചു.
തളിപ്പറമ്പിൽ സിസിടിവി ബിസിനസ് നടത്തുന്ന ഇസ്‌മായിൽ ബെംഗളൂരുവിലെ റഷീദിൽ നിന്നാണ് അംബർഗ്രീസ് വാങ്ങിയത്. തുടർന്ന് നിലമ്പൂർ സ്വദശിക്ക് 30 കോടി രൂപയ്‌ക്ക് വിൽക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് ഇരുവരും പിടിയിലാകുന്നത്. തിരുവനന്തപുരം ഫോറസ്‌റ്റ് വിജിലൻസ് പിസിസിഎഫിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് വനംവകുപ്പ് പരിശോധന നടത്തിയത്.
മാതമംഗലം-കോയിപ്ര റോഡിൽ കണ്ണൂർ ഫ്‌ളയിങ് സ്‌ക്വാഡ് റേഞ്ച് ഓഫിസറും തളിപ്പറമ്പ് റേഞ്ച് ഓഫിസറും സംഘവും സംയുക്‌തമായാണ് പരിശോധന നടത്തിയത്. എണ്ണതിമിംഗലങ്ങളിൽ ഉണ്ടാകുന്ന ആംബർഗ്രീസ് സുഗന്ധലേപന വിപണിയിൽ വൻ വിലയുള്ള വസ്‌തുവാണ്. അറേബ്യൻ മാർക്കറ്റിലും മറ്റുമാണ് ഈ വസ്‌തുവിന് ഏറെ ആവശ്യക്കാർ ഉള്ളത്. സുഗന്ധ-ദ്രവ്യ നിർമാണത്തിന് ഉപയോഗിക്കുന്ന ആംബർഗ്രീസ് കൈവശം വെക്കുന്നത് കുറ്റമാണ്.
Most Read: ഇന്നും ശക്‌തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്


































