കോഴിക്കോട്: മാവൂർ റോഡിലെ കെഎസ്ആർടിസി സമുച്ചയത്തിൽ നിന്ന് തിടുക്കപ്പെട്ട് ബസ് സ്‌റ്റാൻഡ് ഒഴിപ്പിക്കേണ്ടെന്ന് തീരുമാനം. ഇന്നലെ ഗതാഗത മന്ത്രിയും കെഎസ്ആർടിസി ഉന്നത ഉദ്യോഗസ്‌ഥരും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. നഗരത്തിൽ തന്നെ ബസ് നിർത്തിയിടാൻ സൗകര്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്‌ടർക്ക് കത്ത് നൽകും. നഗരത്തിലെ സ്വകാര്യ ബസ് സ്‌റ്റാൻഡുകൾ ഉൾപ്പടെ ഏതെങ്കിലും സ്‌ഥലം തൽക്കാലത്തേക്ക് അനുവദിച്ച് കിട്ടാനാണ് ജില്ലാ കളക്‌ടർക്ക് അപേക്ഷ നൽകുന്നത്.
കെട്ടിടം ആലിഫ് ബിൽഡേഴ്‌സിന് കൈമാറിയതിന് പിന്നാലെ ബലക്ഷയം സംബന്ധിച്ച റിപ്പോർട് വന്നതിൽ ദുരൂഹത ഉണ്ടെന്നായിരുന്നു ആക്ഷേപം. ബസ് സ്‌റ്റാൻഡ് കൂടി ഒഴിപ്പിച്ച് കെട്ടിടം പൂർണമായും കമ്പനിക്ക് കൊടുക്കാനുള്ള തന്ത്രമാണെന്നാണ് ഭരണകക്ഷി തൊഴിലാളി യൂണിയൻ പോലും ആരോപിച്ചത്. ഇതോടെയാണ് തിടുക്കപ്പെട്ട് ബസ് സ്‌റ്റാൻഡ് മാറ്റലും കെട്ടിടം ബലപ്പെടുത്തലും പെട്ടെന്ന് വേണ്ടെന്ന് തീരുമാനിച്ചത്. അറ്റകുറ്റപണി നടക്കുമ്പോൾ ബസ് സ്‌റ്റാൻഡ് എട്ട് കിലോമീറ്റർ അകലെ കെഎസ്ആർടിസിയുടെ ഉടമസ്‌ഥതയിലുള്ള പാവങ്ങാട്ടേക്ക് മാറ്റണമെന്നായിരുന്നു നിർദ്ദേശം.
എന്നാൽ ഇത്രയും ദൂരം ബസുകൾ അധികമായി ഓടുന്നത് വൻ സാമ്പത്തിക ബാധ്യത സൃഷ്‌ടിക്കും. ഈ സാഹചര്യത്തിലാണ് ബസുകൾ നിർത്തിയിടാൻ നഗരത്തിൽ തന്നെ സ്‌ഥലം വേണമെന്ന് ആവശ്യപ്പെട്ട് കളക്‌ടർക്ക് കത്തയക്കുന്നത്. അതേസമയം, സ്വകാര്യമായ സ്‌ഥലം കിട്ടുന്നില്ലെങ്കിൽ നടക്കാവിലെ റീജണൽ വർക്ക് ഷോപ്പ് ഒഴിപ്പിച്ച് അവിടെ ബസിടുന്ന കാര്യവും പരിഗണനയിൽ ഉണ്ട്. തൊഴിലാളി യൂണിയനുകളിലായി ആലോചിച്ച് ഉചിതമായ സ്‌ഥലം കണ്ടെത്തി അറിയിക്കാൻ ഡിടിഒയ്‌ക്ക് എംഡി നിർദ്ദേശിച്ചു.
Most Read: വ്യാപക കൃഷിനാശം; നഷ്‌ടപരിഹാരം വേഗത്തിലാക്കാൻ മന്ത്രിയുടെ ഇടപെടൽ







































