പാലക്കാട്: നഗരസഭാ മാസ്റ്റർ പ്ളാനിൽ പരസ്പരം കലഹിച്ച് ഭരണപക്ഷവും പ്രതിപക്ഷവും. മാസ്റ്റർ പ്ളാൻ ദീർഘവീക്ഷണമില്ലാത്ത വെറും കടലാസ് മാത്രമെന്ന് പ്രതിപക്ഷം ആരോപിച്ചു. ഭൂമാഫിയയെ സഹായിക്കുന്ന മട്ടിലാണ് രൂപരേഖയെന്നും വിജിലൻസ് അന്വേഷണം വേണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. വർഷങ്ങളായി ചർച്ച ചെയുന്നതല്ലാതെ മാസ്റ്റർ പ്ളാൻ അംഗീകരിക്കാൻ കഴിയാത്തത് വീഴ്ചയെന്നായിരുന്നു കൗൺസിലിന്റെ പൊതുവികാരം.
അതേസമയം, മതിയായ ചർച്ചയ്ക്ക് അവസരം ലഭിച്ചിട്ടും ആക്ഷേപമുണ്ടെങ്കിൽ അറിയിക്കാൻ പ്രതിപക്ഷം താൽപര്യം കാണിച്ചില്ലെന്ന് ഭരണപക്ഷം ആരോപിച്ചു. അന്തിമ അംഗീകാരത്തിനെന്ന് അറിയിച്ചു വിളിച്ചു ചേർത്ത കൗൺസിലിൽ സബ് കമ്മിറ്റി മാസ്റ്റർ പ്ളാനിന് അംഗീകാരം നൽകിയിട്ടില്ലെന്ന് ബിജെപി അംഗം തന്നെ അറിയിച്ചത് പ്രതിപക്ഷത്തിന് പിടിവള്ളിയായി.
രാഷ്ട്രീയത്തിനപ്പുറം ഉദ്യോഗസ്ഥരുടെ നിലപാടും വ്യക്തി താൽപര്യങ്ങളുമാണ് മാസ്റ്റർ പ്ളാൻ അംഗീകാരം വൈകുന്നതിന്റെ കാരണമെന്നായിരുന്നു വിമർശനം. ഭൂമാഫിയയെ സഹായിക്കുന്ന തരത്തിലുള്ള രൂപരേഖ അംഗീകരിക്കാനാകില്ലെന്ന നിലപാടിലായിരുന്നു പ്രതിപക്ഷം. ഇക്കാര്യത്തിൽ അഴിമതിയുണ്ടെന്നും സംശയിക്കുന്നു. കോടതിയലക്ഷ്യം മുൻനിർത്തി മാസ്റ്റർ പ്ളാനിന് അന്തിമ അംഗീകാരത്തിനായി ചേർന്ന കൗൺസിൽ യോഗം കൂടുതൽ പഠനത്തിന് ശേഷം അനുമതിക്കായി കൂടാമെന് തീരുമാനിക്കുകയായിരുന്നു.
Most Read: ഇന്ത്യ ലോകത്തിലെ ഫാർമ ഹബ്ബായി മാറി; പ്രധാനമന്ത്രി







































