പാലക്കാട്: സാമ്പത്തിക ഇടപാട് സംബന്ധിച്ച തർക്കത്തെ തുടർന്ന് യുവാവിനെ വാഹനമിടിപ്പിച്ച് അപകടപ്പെടുത്തി. പാലക്കാട് ഒറ്റപ്പാലത്ത് ഇന്ന് രവിലെയാണ് സംഭവം. കടം വാങ്ങിയ പണം തിരികെ ചോദിച്ച ആളെയാണ് വാഹനമിടിപ്പിച്ചത്. തുടർന്ന് യുവാവിനെ കാറിന്റെ ബോണറ്റിൽ ഇരുത്തി രണ്ട് കിലോമീറ്ററോളം ദൂരം സഞ്ചരിക്കുകയും ചെയ്‌തു. പരിക്കേറ്റ മലപ്പുറം സ്വദേശിയായ മുഹമ്മദ് ഫാസിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചുനങ്ങാട് സ്വദേശിയായ ഉസ്‌മാൻ ആണ് മുഹമ്മദ് ഫാസിലിനെ വാഹനമിടിപ്പിച്ച് അപകടപ്പെടുത്തിയത്. ഉസ്‌മാനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. കടം വാങ്ങിയ 75,000 രൂപ തിരികെ ചോദിച്ചതിനാണ് യുവാവിനെ കാറിന്റെ ബോണറ്റിൽ ഇരുത്തി കിലോമീറ്ററുകളോളം സഞ്ചരിച്ചത്. ഫാൻസി സാധനങ്ങൾ വിൽക്കാനായി ഫാസിലിന്റെ കയ്യിൽ നിന്ന് ഉസ്‌മാൻ 75,000 രൂപ കടം വാങ്ങിയിരുന്നു. നിരവധി തവണ പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ഫാസിൽ ഉസ്‌മാനെ സമീപിച്ചിരുന്നെങ്കിലും ഇയാൾ പണം കൊടുക്കാതെ ഒഴിഞ്ഞു മാറുകയായിരുന്നു.
തുടർന്ന്, പണത്തിനായി ഇന്ന് രാവിലെ ഫാസിലും സുഹൃത്തുക്കളും പത്തൊമ്പതാം മൈലിലെ ഉസ്‌മാന്റെ വീട്ടിൽ എത്തിയിരുന്നു. രാവിലെ ഉസ്‌മാൻ കാറുമായി വീട്ടിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ ഫാസിലും സുഹൃത്തുക്കളും കാർ തടയുകയായിരുന്നു. എന്നാൽ, അമിതവേഗത്തിൽ വന്ന കാർ ഫാസിലിനെ ഇടിക്കുകയും തുടർന്ന് ബോണറ്റിലേക്ക് വീണ ഫാസിലുമായി കിലോമീറ്ററുകളോള സഞ്ചരിക്കുകയും ആയിരുന്നു. ഫാസിലിന്റെ സുഹൃത്തുക്കൾ കാർ പിന്തുടർന്ന് പോയതോടെ ഉസ്‌മാൻ കാർ പോലീസ് സ്‌റ്റേഷനിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
Most Read: രോഗബാധ 9,445, പോസിറ്റിവിറ്റി 11.42%, മരണം 93






































