മലപ്പുറം: അയൽവാസി പീഡിപ്പിച്ച് ഗർഭിണിയാക്കിയ 17കാരി വീട്ടിലെ മുറിക്കുള്ളിൽ യൂട്യൂബ് നോക്കി പ്രസവിച്ച സംഭവത്തിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കാൻ പോലീസ്. യൂട്യൂബ് നോക്കി കാര്യങ്ങള്‍ മനസിലാക്കി സ്വയം പ്രസവമെടുത്തെന്ന പ്ളസ് ടു വിദ്യാർഥിയായ പെണ്‍കുട്ടിയുടെ മൊഴി പോലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല.
പെൺകുട്ടിയുടെ വീട്ടുകാർക്കും പ്രതിയായ 21കാരന്റെ വീട്ടുകാർക്കും എല്ലാ കാര്യങ്ങളും അറിയാമായിരുന്നു എന്നാണ് പോലീസിന് കിട്ടിയ വിവരം. ഗര്‍ഭിണിയായിരിക്കെ പെൺകുട്ടിക്ക് രണ്ട് ആശുപത്രികളില്‍ നിന്ന് വൈദ്യസഹായം കിട്ടിയിട്ടുണ്ട്. ഇതെങ്ങനെയെന്നും പോലീസ് അന്വേഷിക്കും. ആവശ്യമെങ്കിൽ റിമാൻഡിലുള്ള പ്രതിയെ കസ്‌റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനും പോലീസ് ആലോചിക്കുന്നുണ്ട്.
ഒക്‌ടോബർ 20ന് ആണ് ആരുടേയും സഹായമില്ലാതെ മുറിക്കുള്ളിൽ വെച്ച് യൂട്യൂബ് നോക്കി പെൺകുട്ടി പ്രസവിച്ചത്. തുടർന്ന് മൂന്ന് ദിവസത്തിന് ശേഷം പെൺകുട്ടിയെയും കുഞ്ഞിനേയും ആശുപത്രിയിൽ എത്തിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. കേസിൽ അയൽവാസിയായ 21കാരനെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. പോക്‌സോ വകുപ്പുകൾ അടക്കം ചുമത്തിയാണ് പ്രതിക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
യൂട്യൂബ് നോക്കിയാണ് പ്രസവ രീതികൾ മനസിലാക്കിയതെന്നും ഇതനുസരിച്ചാണ് പൊക്കിൾക്കൊടി മുറിച്ചുമാറ്റുന്നതുൾപ്പടെ ചെയ്‌തതെന്നുമാണ് പെൺകുട്ടി പോലീസിന് നൽകിയ മൊഴി. പെൺകുട്ടിയും കുഞ്ഞും നിലവിൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. ഇരുവരുടെയും ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Most Read: ജാനകിക്കാട് കൂട്ടബലാൽസംഗം; പ്രതികളുടെ അറസ്‌റ്റ് ഇന്നുണ്ടാകും







































