പാലക്കാട്: സിപിഎം ലോക്കൽ സമ്മേളനങ്ങളിലെ സംഘർഷങ്ങളിൽ നടപടിയെടുക്കാൻ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിന്റെ തീരുമാനം. വാളയാർ, എലപ്പുള്ളി ലോക്കൽ സമ്മേളങ്ങളിൽ നടന്ന സംഘർഷത്തെ തുടർന്നാണ് നടപടി. ഇന്ന് ചേർന്ന സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം.
പാർട്ടി അച്ചടക്കത്തിന്റെ ലംഘനമാണ് വാളയാറിൽ ഉണ്ടായതെന്നാണ് സെക്രട്ടറിയേറ്റിന്റെ വിലയിരുത്തൽ. ജില്ലയിലെ തന്നെ മുതിർന്ന അംഗം സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും നടപടിയെന്നും സെക്രട്ടറിയേറ്റ് യോഗം അറിയിച്ചു.
ലോക്കൽ കമ്മിറ്റി വിഭജിക്കുന്നതിനെ ചൊല്ലി ഇന്നലെ നടന്ന സമ്മേളനത്തിൽ പ്രതിനിധികൾ ഏറ്റുമുട്ടിയിരുന്നു. ഹാളിലെ കസേര വലിച്ചെറിയുകയും വേദിയിൽ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു. ഇതോടെ സമ്മേളനം നിർത്തിവെച്ചിരുന്നു. അതേസമയം, വാളയാറിലും എലപ്പുള്ളിയിലും ഉണ്ടായത് ഒറ്റപ്പെട്ട സംഭവമാണെന്നാണ് പാർട്ടി വിലയിരുത്തൽ. നിലവിൽ ജില്ലയിലെ പകുതിയോളം ലോക്കൽ സമ്മേളനങ്ങൾ നടന്നുകഴിഞ്ഞു.
Most Read: വാഹനരേഖകൾ പുതുക്കാൻ കൂടുതൽ സമയം; കാലാവധി നീട്ടി


































