തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നില്ലെന്നും കൂടുതൽ വെള്ളം തമിഴ്നാട് കൊണ്ടു പോകണമെന്നും മന്ത്രി റോഷി അഗസ്റ്റിൻ. റൂൾ കർവിലേക്ക് ജലനിരപ്പ് എത്തിക്കണം. റൂൾ കർവിലേക്ക് എത്തിക്കാത്തത് ആശങ്ക ഉണ്ടാക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
5000 ഘനയടി ജലം തുറന്നു വിട്ടാലും പെരിയാർ തീരത്ത് വലിയ പ്രശ്നം ഉണ്ടാകില്ല. പെരിയാർ തീരത്തെ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ വെള്ളം മുല്ലപ്പെരിയാറിൽ നിന്ന് എത്തിയാലും ഇടുക്കി തുറക്കേണ്ടി വരില്ല. മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്നും സൗഹാർദ്ദപരമായ സമീപനം ആണ് തമിഴ്നാടിന് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട് മുഖ്യമന്ത്രിയുടെ സമീപനം പോസിറ്റീവ് ആയി കാണുന്നു. ജലനിരപ്പ് റൂൾ കർവിലേക്ക് താഴ്ത്താൻ കഴിയാത്തത് തമിഴ്നാടിന്റെ വീഴ്ചയായി കാണണമെന്നും റോഷി അഗസ്റ്റിൻ അഭിപ്രായപ്പെട്ടു.
മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും ഇടുക്കി ഡാമിലേക്ക് തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് ഇന്നലെ രാത്രിയോടെ വർധിപ്പിച്ചിരുന്നു. ഇതോടെ ഇടുക്കി ഡാമില്‍ നേരിയ തോതില്‍ ജലനിരപ്പുയരുകയും റെഡ് അലർട് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അധിക ജലം ഒഴുകിയെത്താത്ത സാഹചര്യത്തില്‍ റെഡ് അലർട് പിന്‍വലിച്ചു.
ഇന്നലെ രാവിലെ ഏഴരയോടെയാണ് മുല്ലപ്പെരിയാറിലെ രണ്ട് സ്പിൽ വേ ഷട്ടറുകള്‍ തുറന്നത്. രാത്രിയോടെ മൂന്നാമത്തെ ഷട്ടറും 30 സെമീ ഉയര്‍ത്തി. കേരളത്തിന്റെ ആവശ്യം പരിഗണിച്ചാണ് ഒരു ഷട്ടർ കൂടി തുറന്നത്. 5,3,4 ഷട്ടറുകളാണ് തുറന്നത്. രണ്ട് ഷട്ടറുകള്‍ വഴി 550 ഘനയടി ഇന്നലെ രാവിലെ മുതല്‍ തുറന്നുവിട്ടിട്ടും ജലനിരപ്പ് കുറയാത്തതിനെ തുടർന്നാണ് നടപടി. 138.85 അടിയിലാണ് ഇപ്പോഴും ജലമുള്ളത്.
Most Read: തിയേറ്റർ ഉടമകളുടെ യോഗം ഇന്ന്; മരക്കാർ റിലീസ് ചർച്ചയാവും






































