പാലക്കാട്: രേഖകളില്ലാത്ത 1.64 കോടി രൂപ ട്രെയിനിൽ കടത്താൻ ശ്രമിച്ച രണ്ട് പേർ അറസ്‌റ്റിൽ. ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് ആണ് ഹൈദരാബാദ് സ്വദേശികളായ രണ്ടു പേരെ അറസ്‌റ്റ് ചെയ്‌തത്. ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് ഇവര്‍ പിടിയിലായത്.
ശബരി എക്സ്പ്രസില്‍ കടത്തുകയായിരുന്ന ഒരുകോടി അറുപത്തിനാലു ലക്ഷത്തി അമ്പതിനായിരം രൂപയാണ് ആര്‍പിഎഫ് ക്രൈം ഇന്റലിജന്റ്‌സ് പിടികൂടിയത്. നാലു ബാഗുകളിലായാണ് പണം സൂക്ഷിച്ചിരുന്നത്.
ഗുണ്ടൂരില്‍ നിന്നും ഷൊര്‍ണൂരിലേക്കാണ് പ്രതികളായ രാഘവേന്ദ്ര (40), അഹമ്മദ് (38) എന്നിവര്‍ ടിക്കറ്റെടുത്തത്. സ്വര്‍ണം വാങ്ങാനായി കൊണ്ടുവന്ന പണമെന്നാണ് പ്രതികള്‍ നല്‍കിയ മൊഴി. ഷൊര്‍ണൂരില്‍വച്ച് സ്വര്‍ണം കൈമാറുമെന്നായിരുന്നു സന്ദേശമെന്നും പ്രതികള്‍ പറഞ്ഞു. ആരാണ് പണം കൊടുത്തയച്ചത്, ആർക്ക് നൽകാനാണ് എന്നീ കാര്യങ്ങള്‍ തുടരന്വേഷണത്തില്‍ മാത്രമേ വ്യക്‌തമാകൂവെന്ന് ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് അറിയിച്ചു. കേസ് ആദായ നികുതി വകുപ്പിന് കൈമാറി.
കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ മൂന്ന് കേസുകളിലായി 2.21 കോടി രൂപയാണ് പാലക്കാട് ആര്‍പിഎഫ് ഇന്റലിജന്റ്‌സ് ബ്രാഞ്ച് ട്രെയിനില്‍ നിന്ന് പിടികൂടിയത്. വിവിധ കേസുകളില്‍ അഞ്ച് പേര്‍ അറസ്‌റ്റിൽ ആവുകയും ചെയ്‌തു.
ആര്‍പിഎഫ് കമാന്‍ഡന്റ് ജതിന്‍ ബി രാജിന്റെ നിർദ്ദേശപ്രകാരം എസ്‌ഐ എപി അജിത് അശോക്, എഎസ്‌ഐമാരായ സജു, സജി അഗസ്‌റ്റിന്‍, ഹെഡ് കോണ്‍സ്‌റ്റബിൾ എന്‍ അശോക്, കോണ്‍സ്‌റ്റബിള്‍മാരായ വി സവിന്‍, അബ്‌ദുൽ സത്താര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Most Read: പൂക്കോട് വെറ്ററിനറി കോളേജ് തിങ്കളാഴ്‌ച തുറക്കും






































