തിരുവനന്തപുരം: സംസ്‌ഥാനത്ത് അതിശക്‌തമായ മഴക്ക് മുന്നറിയിപ്പ് നൽകി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്രം അറിയിച്ചു. കൂടാതെ അതിശക്‌തമായ മഴയുടെ പശ്‌ചാത്തലത്തിൽ 5 ജില്ലകളിൽ തിങ്കളാഴ്‌ച വരെ ഓറഞ്ച് അലർട് പ്രഖ്യാപിക്കുകയും ചെയ്‌തു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ 5 ജില്ലകളിലാണ് തിങ്കളാഴ്‌ച വരെ ഓറഞ്ച് അലർട് പ്രഖ്യാപിച്ചത്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തെക്കൻ തമിഴ്‌നാട് തീരത്തേക്ക് സഞ്ചരിക്കുന്നതിനാൽ അതീവ ജാഗ്രതയിലാണ് കേരളം. ഈ സാഹചര്യത്തിൽ നാളെ അതിശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്നും, ജാഗ്രത പാലിക്കണമെന്നും സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്.
വടക്കൻ കേരളത്തെ അപേക്ഷിച്ച് തെക്കൻ കേരളത്തിലാണ് കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്ന് അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്. കൂടാതെ മലയോര മേഖലകളിലും അതിശക്‌തമായ മഴ ഉണ്ടായേക്കും. മഴക്കൊപ്പം തന്നെ ഇടിമിന്നലിനും, ശക്‌തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. കൂടാതെ മൽസ്യ തൊഴിലാളികൾ കടലിൽ പോകുന്നതിനും നിലവിൽ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
Read also: യുഎപിഎ മനുഷ്യാവകാശ ലംഘനം; നിലപാട് വ്യക്‌തമാക്കി കാനം രാജേന്ദ്രന്‍






































