മലപ്പുറം: ജില്ലയിലെ മലയോര മേഖലയിൽ ശക്‌തമായ മഴ. നിലമ്പൂർ-പെരുമ്പിലാവ് സംസ്‌ഥാന പാതയിൽ വെള്ളം കയറി. ഇതോടെ മണിക്കൂറുകളോളം പാതയിൽ ഗതാഗതം തടസപ്പെട്ടു. പ്രദേശത്തെ കടകളിലേക്കും നിരവധി വീടുകളിലേക്കും വെള്ളം കയറി. ചോക്കോട് സ്രാമ്പിക്കല്ലിലും പുല്ലങ്കോടുമാണ് സംസ്‌ഥാന പാതയിലേക്ക് വെള്ളം കയറിയത്.
പുല്ലങ്കോട്-ചേനപ്പാടി മലവാരങ്ങളിൽ നിന്നുള്ള ചോലകളും തോടുകളും കരകവിഞ്ഞതോടെയാണ് സ്രാമ്പിക്കല്ല് അങ്ങാടിയിൽ വെള്ളം കയറിയത്. പുല്ലങ്കോട് ടൗണിനോട് ചേർന്ന തോട് നിറഞ്ഞൊഴുകി സമീപത്തെ വീടുകളിലേക്കും വെള്ളം കയറി. അതേസമയം, റോഡിലൂടെ ഒഴുകിയെത്തിയ മലിനജലമാണ് വീടുകളിലേക്കും കടകളിലേക്കും കയറിയതെന്ന് നാട്ടുകാർ ആരോപിച്ചു.
പ്രദേശത്ത് മുൻ വർഷങ്ങളിലും അഴുക്കുചാലിൽ മാലിന്യം നിറഞ്ഞു അടിഞ്ഞതോടെ മലിന ജലമാണ് ഒഴുകിയെത്തിയത്. സ്രാമ്പിക്കല്ല് ഭാഗത്തെ അമ്പതോളം വീടുകളിൽ മഴക്കാലമായാൽ ഇടയ്‌ക്കിടെ വെള്ളം കയറും. ഈ വർഷം തന്നെ മൂന്നാമത്തെ തവണയാണ് പ്രദേശത്ത് വെള്ളം കയറുന്നത്.
Most Read: അതിതീവ്ര മഴ തുടരും; സംസ്‌ഥാനത്ത് ഇന്ന് 6 ജില്ലകളിൽ ഓറഞ്ച് അലർട്






































