പാലക്കാട്: സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞിട്ടും തമിഴ്‌നാട്ടിലേക്ക് അതിർത്തി കടക്കുന്നതിന് നിയന്ത്രണങ്ങളിൽ ഇളവുകളില്ല. ദീപാവലി അവധിക്കിടയിലും അന്തർ സംസ്‌ഥാന യാത്രക്ക് ഇളവുകൾ ലഭിക്കാഞ്ഞതോടെ നിരവധി ആളുകളാണ് പ്രതിസന്ധിയിൽ ആയത്. വാളയാർ ഉൾപ്പടെയുള്ള അതിർത്തികളിലൂടെ പ്രതിദിനം വിദ്യാർഥികളും തൊഴിലാളികളും അടക്കം നിരവധി ആളുകളാണ് തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ളത്. എന്നാൽ നിയന്ത്രണങ്ങളിൽ ഇളവ് നൽകാത്തത് ഇവർക്ക് പലപ്പോഴും പ്രതിസന്ധി സൃഷ്‌ടിക്കുകയാണ്.
അതിർത്തി സംസ്‌ഥാനങ്ങളിൽ കഴിയുന്ന ആളുകളാണ് പ്രധാനമായും ദുരിതത്തിലായത്. മിക്കവരുടെയും ഉറ്റ ബന്ധുക്കൾ ഉൾപ്പടെ തമിഴ്‌നാട്ടിലാണ്. ദീപാവലി ആഘോഷങ്ങൾക്ക് എല്ലാ വർഷവും നാട്ടിലെത്തി ഉറ്റവരോടൊപ്പം ആഘോഷിക്കുന്നത് തമിഴ്‌നാടിന്റെ കടുത്ത നിയന്ത്രണങ്ങളിൽ ഇത്തവണ ഇല്ലാതായിരിക്കുകയാണ്.
തമിഴ്‌നാടിന്റെ ഇ പാസിനൊപ്പം 2 ഡോസ് വാക്‌സിനേഷൻ സ്വീകരിച്ച സർട്ടിഫിക്കറ്റോ, 72 മണിക്കൂർ മുൻപെടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ നിർബന്ധമാണ്. നിബന്ധനകൾ പാലിക്കാതെ എത്തിയാൽ അതിർത്തിയിൽ തടഞ്ഞ് മടക്കുകയാണ് പതിവ്. കടുത്ത നിയന്ത്രണങ്ങളെ തുടർന്ന് തമിഴ്‌നാട്ടിലേക്ക് ദിവസവും അതിർത്തി കടക്കാൻ എത്തുന്ന നൂറ് കണക്കിന് വിദ്യാർഥികളുടെ പഠനവും പ്രതിസന്ധിയിലാണ്. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി കേരളത്തിന്റെ ഇടപെടൽ ഉണ്ടാകണമെന്നാണ് ഇവർ ഉന്നയിക്കുന്ന ആവശ്യം.
Read also: ജോജുവിന്റെ കാർ തകർത്ത സംഭവം; പ്രതിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും






































