കണ്ണൂർ: അധ്യാപകരുടെ പ്രോവിഡന്റ് ഫണ്ട് വിഹിതത്തിൽ ക്രമക്കേട് നടത്തിയ കണ്ണൂർ വിദ്യാഭ്യാസ ഉപ ഡയറക്ടർ ഓഫിസിലെ ക്ളർക്ക് സുബിൻ രാജിനായുള്ള അന്വേഷണം പുരോഗമിക്കുന്നു. കാനഡയിലേക്ക് കടന്ന ഇയാളെ പിടികൂടാൻ സംസ്ഥാന ക്രൈം ബ്രാഞ്ച് ബ്ളൂ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്റർപോളിന്റെ സഹായത്തോടെ ഇയാളെ പിടികൂടാനുള്ള നീക്കമാണ് പുരോഗമിക്കുന്നത്.
അധ്യാപകരുടെ പ്രോവിഡന്റ് ഫണ്ട് വിഹിതത്തിൽ ക്രമക്കേട് കാട്ടിയതിന് സുബിൻ രാജിനെ കഴിഞ്ഞ ദിവസം സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. സുബിൻ രാജ് രണ്ട് ലക്ഷത്തിലേറെ രൂപയാണ് തട്ടിയത്. അഴീക്കോട് ഗവ.ഹൈസ്കൂളിലെ ഒമ്പത് അധ്യാപകരുടെ പണം വ്യാജരേഖ ചമച്ച് തട്ടിയെടുത്തതെന്ന് വ്യക്തമായതോടെയാണ് ഇയാളെ സർവീസിൽ നിന്ന് പിരിച്ചു വിട്ടത്. 2008 മുതൽ 2010 വരെയുള്ള കാലഘട്ടത്തിൽ ശമ്പള ബില്ലിൽ പണം പിടിച്ചതായി കാണിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്.
മാസങ്ങൾക്ക് ശേഷം അധ്യാപകർ പിഎഫ് കാർഡ് കിട്ടി പരിശോധിച്ചപ്പോഴാണ് പണമടച്ചില്ലെന്ന് വ്യക്തമായത്. അധ്യാപകർ പരാതി നൽകിയതോടെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ അടക്കമുള്ളവർ സ്കൂളിലെത്തി പരിശോധിച്ചപ്പോഴാണ് കൂടുതൽ ക്രമക്കേടുകൾ കണ്ടെത്തിയത്. വിജിലൻസ് പ്രാഥമിക പരിശോധന നടത്തിയ കേസ് പിന്നീട് ക്രൈം ബ്രാഞ്ചിനെ ഏൽപ്പിച്ചിരുന്നു. ക്രമക്കേട് വ്യക്തമായതോടെയാണ് ഇയാളെ സർവീസിൽ നിന്ന് പിരിച്ചുവിട്ടത്.
Most Read: ദീപാവലി ആഘോഷം; പിന്നാലെ രാജ്യ തലസ്ഥാനത്ത് ഗുരുതര വായു മലിനീകരണം






































