പാലക്കാട്: ആലത്തൂരിൽ നിന്ന് കാണാതായ നാല് വിദ്യാർഥികൾക്കായുള്ള തിരച്ചിൽ ഊർജിതം. ആലത്തൂർ സ്‌കൂളിൽ ഒമ്പതാം ക്‌ളാസിൽ പഠിക്കുന്ന ഇരട്ട സഹോദരിമാർ ഉൾപ്പടെ നാല് പേരെയാണ് ബുധനാഴ്‌ച ഉച്ചയ്‌ക്ക് രണ്ടു മണിക്ക് ശേഷം കാണാതായത്. വിദ്യാർഥികൾക്കായി കോയമ്പത്തൂർ, പൊള്ളാച്ചി എന്നിവിടങ്ങളിലും പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
ഇരട്ടകളായ പെൺകുട്ടികളെ കാണാനില്ലെന്ന് രക്ഷിതാവ് ആലത്തൂർ പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്‌ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ രണ്ട് ആൺകുട്ടികൾ കൂടി ഇവർക്കൊപ്പം ഉണ്ടെന്ന് കണ്ടെത്തി. തുടർന്ന്, ബുധനാഴ്‌ച ഇവർ പാലക്കാട് നഗരത്തിലൂടെ സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. ഇവർ ഗോപാലപുരം ചെക്ക്പോസ്‌റ്റ് കടന്നതായും പോലീസ് സംശയിക്കുന്നുണ്ട്.
കൂട്ടത്തിൽ ഒരാളുടെ കൈയിൽ മാത്രമാണ് മൊബൈൽ ഫോണുള്ളത്. എന്നാൽ, കാണാതായ അന്ന് വൈകിട്ട് മുതൽ ഫോൺ സ്വിച്ച് ഓഫാണ്. ഡിവൈഎസ്‌പി കെഎം ദേവസ്യ, സിഐ റിയാസ് ചാക്കീരി, എസ്‌ഐ എംആർ അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്. അന്വേഷണ സംഘം പാലക്കാട്, കോയമ്പത്തൂർ, പൊള്ളാച്ചി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ തിരച്ചിൽ നടത്തുന്നത്.
Most Read: ദത്ത് വിവാദം; റിപ്പോർട് തേടി വീണ്ടും വനിതാ കമ്മീഷന്റെ കത്ത്







































