ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ കുറവ് രേഖപ്പെടുത്തി. നിലവിൽ 138.50 അടി ജലമാണ് മുല്ലപ്പെരിയാർ അണക്കെട്ടിലുള്ളത്. ഇതോടെ ഡാമിലെ 7 സ്‌പിൽവേ ഷട്ടറുകൾ അടച്ചു. നിലവിൽ ഒരു ഷട്ടർ മാത്രമാണ് തുറന്നിട്ടുള്ളത്. ഇത് നിലവിൽ 20 സെന്റീമീറ്ററാണ് തുറന്നിട്ടുള്ളത്.
ഡാമിന്റെ വൃഷ്‌ടി പ്രദേശങ്ങളിൽ മഴ കുറഞ്ഞതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിരുന്നു. ഇതേ തുടർന്നാണ് ഡാമിലെ 7 ഷട്ടറുകൾ അടക്കാൻ തീരുമാനിച്ചത്. നിലവിൽ 980 ഘനയടി ജലമാണ് സ്‌പിൽവേ ഷട്ടറിലൂടെ ഇടുക്കിയിലെത്തുന്നത്. ഇതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഇപ്പോൾ ഉയർന്നിട്ടുണ്ട്. 2,398.72 അടി ജലമാണ് ഇപ്പോൾ ഇടുക്കി അണക്കെട്ടിൽ ഉള്ളത്. 2,398.79 അടിയാകുമ്പോഴാണ് റെഡ് അലർട് പ്രഖ്യാപിക്കുന്നത്.
അതേസമയം ബേബി ഡാം ബലപ്പെടുത്തിയ ശേഷം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കാൻ നടപടിയെടുക്കുമെന്ന് തമിഴ്‌നാട് ഇന്നലെ വ്യക്‌തമാക്കി. അണക്കെട്ട് സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോൾ തമിഴ്‌നാട് ജലസേചന വകുപ്പ് മന്ത്രി ദുരൈ മുരുകനാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിൽ നിന്നും 136 അടിയിലേക്ക് താഴ്‌ത്തണമെന്ന് കേരളം ആവശ്യപ്പെടുന്നതിനിടെയാണ് തമിഴ്‌നാട് മന്ത്രി ജലനിരപ്പ് കൂട്ടുമെന്നുള്ള പ്രസ്‌താവന പുറത്തിറക്കിയത്.
Read also: ചാലിയാറിലെ അനധികൃത മണൽക്കടത്ത്; നിരീക്ഷണം ശക്‌തമാക്കി പോലീസ്







































