തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത 4 ദിവസം വരെ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അറബിക്കടലില്‍ ന്യൂന മര്‍ദ്ദം ശക്‌തി പ്രാപിക്കുകയാണ്. ബംഗാള്‍ ഉള്‍ക്കടലിലും ശക്‌തമായ ന്യൂന മര്‍ദ്ദ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു.
തെക്ക്- കിഴക്കന്‍ അറബിക്കടലിലും സമീപത്തുള്ള മധ്യ കിഴക്കന്‍ അറബിക്കടലിലുമായി സ്‌ഥിതി ചെയ്‌തിരുന്ന ന്യൂന മര്‍ദ്ദം ശക്‌തിപ്രാപിച്ച് മധ്യ കിഴക്കന്‍ അറബിക്കടലില്‍ സ്‌ഥിതി ചെയ്യുന്നു. വടക്ക്- വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂന മര്‍ദ്ദം അടുത്ത 24 മണിക്കൂറില്‍ ശക്‌തി പ്രാപിച്ചു തീവ്ര ന്യൂന മര്‍ദ്ദമായി മാറി ഇന്ത്യന്‍ തീരത്ത് നിന്ന് അകന്നുപോകാനും സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ വകുപ്പ് അറിയിക്കുന്നു.
മധ്യ- പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാപ്രദേശ് തീരത്ത് ചക്രവാത ചുഴി നിലനില്‍ക്കുന്നുണ്ട്. തെക്ക്- കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും സമീപത്തുള്ള സുമാത്ര തീരാത്തുമായി ചക്രവാത ചുഴി രൂപപ്പെട്ടു. നവംബര്‍ 9 ഓടെ ഇത് തെക്ക്- കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദ്ദമായി ശക്‌തി പ്രാപിക്കാനാണ് സാധ്യത. തുടര്‍ന്ന് കൂടുതല്‍ ശക്‌തി പ്രാപിച്ച് പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് തമിഴ്നാടിന്റെ വടക്കന്‍ തീരത്ത് കരയില്‍ പ്രവേശിച്ചേക്കും.
അതേസമയം കേരളത്തിൽ ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുന്നത്.
Most Read: ത്രിപുര വർഗീയ സംഘർഷം; 68 ട്വിറ്റർ അക്കൗണ്ടുകൾ നീക്കം ചെയ്യാൻ പോലീസ് നടപടി







































