നീലേശ്വരം: അർധ അതിവേഗ റെയിൽ പാതാ പദ്ധതിയായ സിൽവർ ലൈൻ (കെ-റെയിൽ) നിർമാണത്തിന് ജില്ലയിൽ നിന്ന് ഏറ്റെടുക്കുന്നത് 142.9665 ഹെക്ടർ ഭൂമി. ഒക്ടോബർ 30ന് ആണ് ഇത് സംബന്ധിച്ച് സർവേ നമ്പറുകൾ ഉൾപ്പെടുന്ന പുതിയ ഉത്തരവ് ഇറങ്ങിയത്. ഈ വർഷം ഓഗസ്റ്റ് 18ന് കെ-റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിലെ വില്ലേജുകളുടെയും സ്ഥലം ഏറ്റെടുക്കേണ്ട സർവേ നമ്പറുകളുടെയും വിവരങ്ങൾ അടക്കം പ്രസിദ്ധീകരിച്ചിരുന്നു.
ഇതുപ്രകാരം 161.26 ഹെക്ടർ സ്ഥലമായിരുന്നു ജില്ലയിൽ നിന്ന് ഏറ്റെടുക്കേണ്ടത്. എന്നാൽ, ഇപ്പോഴത് 18 ഹെക്ടറോളം കുറഞ്ഞു. പഴയ ഉത്തരവിലെ പിശക്കുകൾ പരിഹരിച്ചാണ് പുതിയത് ഇറക്കിയതെന്നാണ് അധികൃതർ വിശദീകരിക്കുന്നത്. ഓഗസ്റ്റിൽ ഇറങ്ങിയ ഉത്തരവ് അനുസരിച്ച് 955 ഹെക്ടർ ഭൂമി ഏറ്റെടുക്കാനുള്ളതായിരുന്നു. അവശേഷിക്കുന്ന 428 ഹെക്ടർ സ്ഥലം ഏറ്റെടുക്കാൻ പുതിയ ഉത്തരവ് ഇറങ്ങുമെന്നാണ് അന്ന് പറഞ്ഞിരുന്നത്.
എന്നാൽ, ആദ്യ ഉത്തരവ് തന്നെ പുതുക്കി പുറത്തിറക്കുകയാണ് അധികൃതർ ചെയ്തത്. ഇനി അവശേഷിക്കുന്ന 162 ഹെക്ടറിൽ സ്വകാര്യ വ്യക്തികളുടെ സ്ഥലം കുറവാണെന്നാണ് അധികൃതർ പറയുന്നത്. കാസർഗോഡ് ജില്ലയിൽ റെയിൽവേയുടെ ഉടമസ്ഥതയിലുള്ള സ്ഥലം കുറവായതിനാലാണ് ഇത്രയധികം ഭൂമി ഏറ്റെടുക്കേണ്ടി വരുന്നത്.
Most Read: വിഴിഞ്ഞം തുറമുഖത്തിനെതിരെ പ്രതിഷേധം; പൂന്തുറയിൽ മഹാസംഗമം നടത്തി






































