തിരുവനന്തപുരം: സംസ്‌ഥാനത്ത് നാളെ (നവംബര്‍ 8) ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. മധ്യകിഴക്കന്‍ അറബിക്കടലില്‍ സ്‌ഥിതിചെയ്യുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീന ഫലമായാണ് കേരളത്തിൽ മഴ കനക്കുക.
ന്യൂനമര്‍ദ്ദം വടക്ക്- വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് അടുത്ത 12 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമര്‍ദ്ദമായി മാറുകയും തുടര്‍ന്ന് ഇന്ത്യന്‍ തീരത്ത് നിന്ന് അകന്നുപോകാനും സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു.
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും സമീപത്തുള്ള സുമാത്ര തീരത്തുമായി രൂപപ്പെട്ട ചക്രവാതചുഴി ചൊവ്വാഴ്‌ചയോടെ (നവംബര്‍ 9) തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കലില്‍ ന്യൂനമര്‍ദ്ദമായി ശക്‌തിപ്രാപിക്കും. തുടര്‍ന്നുള്ള 48 മണിക്കൂറില്‍ കൂടുതല്‍ ശക്‌തിപ്രാപിച്ച് തമിഴ്‌നാടിന്റെ വടക്കന്‍ തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
നിലവിൽ മധ്യ-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാപ്രദേശ്- തമിഴ്‌നാട് തീരത്തായി ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്.
അതേസമയം സംസ്‌ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴ ലഭിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്.
Most Read: ആര്യൻ ഖാനെ തട്ടിക്കൊണ്ട് പോകാനാണ് ലക്ഷ്യമിട്ടത്; പിന്നിൽ ബിജെപി നേതാവെന്ന് നവാബ് മാലിക്







































