ബത്തേരി: ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച വനംവകുപ്പ് ഉദ്യോഗസ്‌ഥന് സസ്‌പെൻഷൻ. താമരശ്ശേരി റേഞ്ചിലെ സെക്ഷൻ ഫോറസ്‌റ്റ് ഓഫിസർ സിഎസ് വേണുവിനെയാണ് സസ്‌പെൻഡ് ചെയ്‌തത്. കണ്ണൂർ നോർത്ത് സർക്കിൾ ചീഫ് ഫോറസ്‌റ്റ് കൺസർവേറ്റർ ടികെ വിനോദ് കുമാറാണ് നടപടി എടുത്തത്. ഓഗസ്‌റ്റ് 28ന് ആണ് സംഭവം നടന്നത്.
പഴൂർ കണ്ണങ്കോട് കാടംകൊല്ലി കോളനിയിലെ സുഭാഷിന്റെ വാഹനത്തിൽ ചന്ദനത്തടികൾ ഒളിപ്പിച്ചുവെച്ച് യുവാവിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചതിനാണ് നടപടി. ഈ കേസിൽ കുട്ടൻ എന്ന യുവാവ് നേരത്തെ അറസ്‌റ്റിലായിരുന്നു. ഇയാളുടെ മൊഴി സെക്ഷൻ ഫോറസ്‌റ്റ് ഓഫിസർക്ക് എതിരായിരുന്നു. തുടർന്ന് തോട്ടാമൂല ഫോറസ്‌റ്റ് സ്‌റ്റേഷൻ ഡെപ്യൂട്ടി റേഞ്ചർ വകുപ്പുതല അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണ റിപ്പോർട് വയനാട് വൈൽഡ് ലൈഫ് വാർഡന് കൈമാറി.
വാഹനത്തിൽ നിന്ന് ചന്ദനത്തടികൾ കണ്ടെത്തിയതിനെ തുടർന്ന് സുഭാഷിനെതിരെ വനംവകുപ്പ് കേസെടുത്തിരുന്നു. ഇതിനെതിരെ നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനിടെയാണ് മുൻ വൈരാഗ്യത്തിന്റെ പേരിൽ ഫോറസ്‌റ്റ് ഓഫിസർ സുഭാഷിന്റെ കുടുക്കാൻ വേണ്ടി കള്ളക്കേസ് ചമച്ചതാണെന്ന് അന്വേഷണ സംഘത്തിന് മനസ്സിലായത്. ഫോറസ്‌റ്റ് ഓഫിസറുടെ അറിവോടെയായിരുന്നു കുട്ടൻ എന്ന പ്രതി സുഭാഷിന്റെ വാഹനത്തിൽ ചന്ദനത്തടികൾ കൊണ്ടുവെച്ചത്.
Most Read: ഉരുൾപൊട്ടൽ ഭീഷണി; വിലങ്ങാട് അടുപ്പിൻ കോളനിയിലെ കുടുംബങ്ങൾക്ക് പുനരധിവാസം






































