മലപ്പുറം: തിരൂരിൽ നിയന്ത്രണം വിട്ട സ്‌കൂൾ ബസ് മരത്തിലിടിച്ച് നിരവധി വിദ്യാർഥികൾക്കും ഡ്രൈവർക്കും പരിക്ക്. തിരുന്നാവായ നാവാമുകുന്ദ ഹയർ സെക്കണ്ടറി സ്‌കൂൾ ബസാണ് അപകടത്തിൽപെട്ടത്. ഇന്ന് ഉച്ചയ്‌ക്ക് 1.15 ഓടെയാണ് അപകടം നടന്നത്. അപകടത്തിൽ 13 വിദ്യാർഥികൾക്കും ഡ്രൈവർക്കുമാണ് പരിക്കേറ്റത്.
സംസ്‌കൃത സർവകലാശാല റോഡിലെ താഴത്തറ ഇറക്കത്തിൽ നിയന്ത്രണം വിട്ട ബസ് ഭാരതപ്പുഴയിലേക്ക് നീങ്ങാനുള്ള സാധ്യത മുന്നിൽക്കണ്ട ഡ്രൈവർ റോഡരികിലെ മരത്തിലേക്ക് ഇടിപ്പിച്ച് നിർത്തിയതിനാലാണ് വൻ ദുരന്തം ഒഴിവായത്.
അപകടത്തിൽ സാരമായി പരിക്കേറ്റ ബസ് ഡ്രൈവർ ബാഹുലേയൻ (56), വിദ്യാർഥി ഫാത്തിമ സഫ (13), എന്നിവരെ കോട്ടക്കൽ അൽമാസ് ആശുപത്രിയിലും റാനിയ (10), ഷീബ (13), ഫാത്തിമ മുഫീദ (11), ഫാത്തിമ റിഫ (13), അതുല്യ (13), ശ്രീഹരി (10), ജിൻഷാദ് (13), ഷഹൽ (10), ഫിദ ഫാത്തിമ (10), മുഫീദ (13) എന്നിവരെ കോട്ടക്കൽ മിഷൻ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Most Read: തമിഴ്‌നാട്ടിൽ ദളിത് യുവാവ് മരിച്ച നിലയിൽ; ദുരഭിമാന കൊലയെന്ന് കുടുംബം




































