കണ്ണൂർ: പാപ്പിനിശ്ശേരിയിൽ തെരുവുനായ്‌ക്കൾ ചത്ത് വീഴുന്നു. പാപ്പിനിശ്ശേരി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലാണ് തെരുവുനായ്‌ക്കൾ ചത്ത് വീഴുന്നത്. അരോളി, നാരയൻകുളം, കല്ലൂരി, വളപട്ടണം പാലത്തിന് സമീപം, പഴയങ്ങാടി റോഡ് കവല തുടങ്ങിയ സ്‌ഥലങ്ങളിലെല്ലാം ഇത്തരത്തിൽ നായ്‌ക്കളെ ചത്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഈ കാര്യം നാട്ടുകാർ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ട് ആഴ്‌ചകൾ ആയെങ്കിലും നടപടി എടുത്തില്ലെന്നാണ് ആക്ഷേപം ഉയരുന്നത്.
ഒക്‌ടോബർ ആദ്യം തന്നെ പഞ്ചായത്തിന്റെ പല ഭാഗത്തും രോഗം ബാധിച്ച് അവശനിലയിൽ നായകളെ കണ്ടെത്തിയിരുന്നു. ആഴ്‌ചകൾ പിന്നിടുമ്പോൾ ഇവ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. ചിലതിനെ ചത്ത നിലയിലും കാണപ്പെട്ടു. ഭക്ഷണം കഴിക്കാതെ ദിവസങ്ങൾ കഴിയുന്നതോടെ ഇവയുടെ ശരീരം ശോഷിക്കുകയും തുടർന്ന് മരണത്തിന് കീഴടങ്ങുകയുമാണ് ചെയ്യുന്നത്.
അതേസമയം, തെരുവുനായ്‌ക്കളുടെ രോഗത്തെ കുറിച്ച് വിവരം ലഭിച്ചതായി പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് എവി സുശീല പറഞ്ഞു. പ്രശ്‌നം മൃഗസംരക്ഷണ വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും അവർ പറഞ്ഞു. ഒരുതരം വൈറസ് രോഗമാണെന്നാണ് പാപ്പിനിശ്ശേരി മൃഗാശുപത്രി വെറ്ററിനറി സർജൻ പറയുന്നത്. നായ്‌ക്കളുടെ പ്രജനനകാലത്ത് ഇത്തരം രോഗം കൂടുതലായി കാണപ്പെടുന്നുണ്ട്.
Most Read: നിക്ഷേപിച്ച പണം തിരികെ ലഭിക്കുന്നില്ല; ദേലംപാടി സഹകരണ ബാങ്കിൽ പ്രതിഷേധം


































