പാലക്കാട്: കരസേനയിൽ ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടിയ കേസിൽ മുൻ സൈനികൻ പിടിയിൽ. പെരുങ്ങോട്ടുകുറുശ്ശി സ്വദേശി ബിനീഷിനെയാണ് കോട്ടായി പോലീസ് അറസ്‌റ്റ് ചെയ്‌തത്. ആലത്തൂർ ഡിവൈഎസ്‌പിക്ക് ലഭിച്ച പരാതിയുടെ അടിസ്‌ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ബിനീഷ് പിടിയിലായത്. സൈന്യത്തിൽ ജോലി നൽകാമെന്ന് പറഞ്ഞ് 60 ലക്ഷത്തിത്തിലധികം രൂപ തട്ടിയെടുത്തെന്നാണ് പരാതി.
സൈനികനായ ബിനീഷ് പ്രവൃത്തി പരിചയം മുതലെടുത്താണ് സാധാരണക്കാരെ വഞ്ചിച്ചത്. വിവിധ ജില്ലകളിലെ പലരിൽ നിന്നായി സൈന്യത്തിൽ ജോലി തരാമെന്ന് പറഞ്ഞ് ഇയാൾ പണം തട്ടിയെടുത്തിട്ടുണ്ട്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ജോലി ലഭിക്കാതായതോടെയാണ് പണം നഷ്‌ടപ്പെട്ടവർ പരാതിയുമായി എത്തിയത്. തട്ടിയെടുത്ത പണം ആഡംബര ജീവിതം നയിക്കാനാണ് പ്രതി ഉപയോഗിച്ചിരുന്നത്.
കൂടുതൽ പേർ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം. കോടതിയിൽ ഹാജരാക്കിയ ബിനീഷിനെ റിമാൻഡ് ചെയ്‌തു. മദ്രാസ് റെജിമെന്റിൽ പത്ത് വർഷം സൈനിക സേവനം അനുഷ്‌ഠിച്ച ആളാണ് ബിനീഷ്. എന്നാൽ, സ്വഭാവ ദൂഷ്യം കാരണം സൈന്യത്തിൽ നിന്ന് പിരിച്ചുവിടുകയായിരുന്നു.
Most Read: കണ്ണൂരിൽ വീണ്ടും റാഗിങ്ങിന് ഇരയാക്കി മർദ്ദനം; നാല് പേർ കസ്‌റ്റഡിയിൽ







































