പാലക്കാട്: മമ്പറത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്തിയതിന് പിന്നില്‍ എസ്‌ഡിപിഐ ആണെന്ന് ബിജെപി. യാതൊരു പ്രകോപനവും കൂടാതെയാണ് ആക്രമണം നടത്തിയത്. കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ രണ്ടാമത്തെ ആര്‍എസ്എസ് പ്രവര്‍ത്തകനെയാണ് എസ്‌ഡിപിഐ കൊലപ്പെടുത്തുന്നത് എന്നും ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.
ആസൂത്രിതമായ കൊലപാതകങ്ങളാണ് എസ്‌ഡിപിഐ നടത്തുന്നത്. ഇത്തരത്തിൽ പ്രകോപനമില്ലാതെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ ആക്രമിക്കാനും കൊലപ്പെടുത്താനുമാണ് എസ്‌ഡിപിഐ സംഘം വരുന്നതെങ്കില്‍ അതേ നാണയത്തില്‍ മറുപടി നല്‍കുമെന്നും കെ സുരേന്ദ്രന്‍ ഭീഷണിമുഴക്കി.
തൃശൂരിലെ ചാവക്കാട് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ എസ്‌ഡിപിഐയുടെ പേര് പറയാന്‍ പോലും പോലീസ് തയ്യാറായില്ല, അന്വേഷണം ഇഴഞ്ഞ് നീങ്ങുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. അടിക്കടിയുള്ള കൊലപാതകത്തിന് കാരണം പോലീസിന്റെയും സര്‍ക്കാരിന്റേയും വീഴ്‌ചയാണ്. എസ്‌ഡിപിഐയെ സിപിഎമ്മും സര്‍ക്കാരും സംരക്ഷിക്കുകയാണെന്നും ബിജെപി ആരോപിച്ചു.
കേരളത്തിലെ പല തദ്ദേശ സ്‌ഥാപനങ്ങളിലും എസ്‌ഡിപിഐയുമായി ഭരണം പങ്കിടുന്നതുകൊണ്ടാണ് സിപിഎം പ്രതികളെ സംരക്ഷിക്കുന്നത്. പ്രതികള്‍ക്കെതിരെ ശക്‌തമായ നടപടി ഉണ്ടായില്ലെങ്കില്‍ ചെറുത്തു നില്‍പ്പിന് മറ്റു നടപടികള്‍ ആലോചിക്കേണ്ടി വരുമെന്നും ബിജെപി പറഞ്ഞു.
എലപ്പുള്ളി എടുപ്പുകുളം സ്വദേശി സഞ്‌ജിത്ത് (27) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 9 മണിയോടെയാണ് കൊലപാതകം ഉണ്ടായത്. ഭാര്യയുമായി ബൈക്കിൽ പോകുമ്പോൾ കാറിലെത്തിയ സംഘം സഞ്‌ജിത്തിനെ വെട്ടി കൊലപ്പെടുത്തുക ആയിരുന്നു. ബൈക്ക് ഇടിച്ചു വീഴ്‌ത്തി നാല് പേർ ചേർന്നാണ് വെട്ടിക്കൊലപ്പെടുത്തിയത്. രാഷ്‌ട്രീയ വിദ്വേഷമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് നിഗമനം.
Most Read: കൂട്ടപ്പിരിച്ചുവിടൽ; അട്ടപ്പാടി ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ പ്രതിസന്ധി







































