കോഴിക്കോട്: ചെറുകുളത്തൂര്‍ എസ് വളപ്പില്‍ നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നുവീണു. നാല് തൊഴിലാളികള്‍ അവശിഷ്‌ടങ്ങള്‍ക്ക് ഇടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. കെട്ടിടാവശിഷ്‌ടങ്ങള്‍ക്ക് ഇടയില്‍ കുടുങ്ങിയ ആറ് തൊഴിലാളികളെ രക്ഷപെടുത്തി.
ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ല എന്നാണ് പ്രാഥമിക വിവരം. വെണ്‍മറയില്‍ അരുണിന്റെ വീടാണ് തകര്‍ന്നുവീണത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും സ്‌ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.
അപകടം ആദ്യമറിഞ്ഞ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. രക്ഷാ പ്രവർത്തനത്തിനായി കൂടുതല്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്‌ഥലത്തേക്ക് എത്തുന്നുണ്ട്. കെട്ടിടം പൂര്‍ണമായും നിലംപൊത്തിയ നിലയിലാണ്. നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായ കെട്ടിടമാണ് തകര്‍ന്നുവീണത്.
തുടര്‍ച്ചയായുള്ള മഴയാണോ ബലക്ഷയം മൂലമാണോ കെട്ടിടം തകരാന്‍ കാരണമായതെന്ന് വ്യക്‌തമല്ല. മഴയെ തുടര്‍ന്ന് നിര്‍മാണ പ്രവൃത്തി നിലച്ചിരുന്നു. പിന്നീട് വീണ്ടും പണി തുടങ്ങിയപ്പോഴാണ് അപകടമുണ്ടായത്.
Most Read: ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം: നടപടിയില്ലെങ്കിൽ അതേ നാണയത്തിൽ മറുപടി; കെ സുരേന്ദ്രൻ







































