പാലക്കാട്: ജില്ലയിലെ കാഞ്ഞിരപ്പുഴ ഉദ്യാനത്തിൽ എത്തുന്ന ആളുകൾക്ക് അതിക്രമിച്ചു കയറുന്നവരുടെ ശല്യം ഭീഷണിയാകുന്നതായി പരാതി. ഉദ്യാനത്തോട് ചേർന്നുള്ള ജലസേചന വകുപ്പിന്റെ തകർന്ന കെട്ടിടത്തിൽ രാവിലെ മുതൽ നിലയുറപ്പിക്കുന്ന ആളുകളാണ് സന്ദർശകർക്ക് ഭീഷണിയാകുന്നത്. ഇതോടെ മിക്കവരും പരാതിയുമായി ഉദ്യാനം അധികൃതരെ സമീപിച്ചു.
വർഷങ്ങളായി തുടരുന്ന പ്രശ്‌നമാണ് ഇതെന്നും, പല സന്ദർശകരും ഈ പ്രശ്‌നം പരാതിപ്പെടാൻ തയ്യാറാകില്ലെന്നും, പ്രദേശത്ത് പോലീസിന്റെ നിരീക്ഷണം ശക്‌തമാക്കണമെന്നും സന്ദർശകർ വ്യക്‌തമാക്കുന്നുണ്ട്. തകർച്ച നേരിട്ട കെട്ടിടങ്ങൾ പൊളിച്ചുകളയാൻ വർഷങ്ങൾക്കു മുൻപുതന്നെ ജലസേചനവകുപ്പ് ഉത്തരവ് നൽകിയെങ്കിലും കാഞ്ഞിരപ്പുഴ ജലസേചന വകുപ്പ് അധികൃതർ ഇതുവരെയും തയ്യാറായിട്ടില്ല.
ഇവിടെ ലഹരി വസ്‌തുക്കൾ ഉപയോഗിക്കുന്നതായും നിലവിൽ പരാതി ഉയരുന്നുണ്ട്. ജീർണാവസ്‌ഥയിലായ കെട്ടിടങ്ങളുടെ സർവേ റിപ്പോർട് അസിസ്‌റ്റന്റ് എൻജിനീയറുടെ നേതൃത്വത്തിൽ തയ്യാറാക്കുന്നുണ്ട്. റിപ്പോർട് മേലുദ്യോഗസ്‌ഥർക്ക് സമർപ്പിക്കും. തുടർന്ന് കെട്ടിടങ്ങൾ അടിയന്തിരമായി പൊളിച്ചുനീക്കാൻ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്‌തമാക്കി.
Read also: ന്യൂനമർദ്ദം കരതൊടുന്നു; തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിൽ ശക്‌തമായ മഴ






































