മലപ്പുറം: ജില്ലയിലെ മലയോര മേഖലകൾ വീണ്ടും കടുവ ഭീതിയിൽ. കഴിഞ്ഞ ദിവസം പുതിയകട ബംഗ്ളാവുകുന്നിലെ റബ്ബർ തോട്ടത്തിൽ വീണ്ടും കടുവയെ കണ്ടതായി നാട്ടുകാർ വ്യക്‌തമാക്കി. ഇന്നലെ രാവിലെയോടെയാണ് റബ്ബർ തോട്ടത്തിൽ പുല്ലരിയാൻ പോയ കമ്പിപ്പാലം ചവറേങ്ങൽ ശിവദാസൻ, ഭാര്യ ലീല എന്നിവർ കടുവയെ കണ്ടത്.
കൂടാതെ വിറക് ശേഖരിക്കാൻ മലയിൽ പോയ സ്‌ത്രീയും കടുവയെ കണ്ടതായി പറയുന്നുണ്ട്. ഇവർ ഓടി രക്ഷപെടുകയായിരുന്നു എന്നാണ് വ്യക്‌തമാക്കുന്നത്. അതേസമയം 2 ദിവസത്തിന് മുൻപാണ് പാന്തറ സുൽത്താന എസ്‌റ്റേറ്റിൽ കടുവ കൊന്നതെന്ന് കരുതുന്ന പന്നിയുടെ ജഡം കണ്ടെത്തിയത്. തുടർന്ന് വനപാലകർ കടുവയുടെ സാനിധ്യം സ്‌ഥിരീകരിക്കുകയും, കഴിഞ്ഞ ദിവസം വീണ്ടും എത്തിയ കടുവ പന്നിയുടെ ജഡാവശിഷ്‌ടം ഭക്ഷിക്കുകയും ചെയ്‌തിരുന്നു.
നിലവിൽ കഴിഞ്ഞ 3 ആഴ്‌ചക്കുള്ളിൽ കുണ്ടോട, ചേരി, ആനത്താനം, കുരിക്കൾക്കാട് എന്നീ ഭാഗങ്ങളിലായി കടുവയെ കണ്ടതായാണ് നാട്ടുകാർ വ്യക്‌തമാക്കുന്നത്. സുൽത്താന എസ്‌റ്റേറ്റിൽ 4 കടുവകളെ കണ്ടതായാണ് തോട്ടം തൊഴിലാളികൾ അറിയിച്ചത്. കൂടാതെ കുണ്ടോടയിൽ വനപാലകർ സ്‌ഥാപിച്ച ക്യാമറയിൽ 2 കടുവകളുടെ ചിത്രം പതിയുകയും ചെയ്‌തിട്ടുണ്ട്.
Read also: മുല്ലപ്പെരിയാർ കേസ്; ഹരജികൾ ഡിസംബർ 10ന് സുപ്രീം കോടതി പരിഗണിക്കും





































