തിരുവനന്തപുരം: ആലുവയിൽ നവവധു തൂങ്ങി മരിച്ച സംഭവത്തിൽ വിശദ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പരാതിക്കാരിയായ നവവധുവിനോട് പോലീസ് മോശമായി പെരുമാറിയതിനെ തുടർന്നാണ് കുട്ടി ആത്മഹത്യ ചെയ്തത്. സ്റ്റേഷനിലെത്തുന്ന പെൺകുട്ടികളോട് എങ്ങനെ പെരുമാറണമെന്ന് മുഖ്യമന്ത്രി യോഗം വിളിപ്പിച്ച് പോലീസുകാരെ പഠിപ്പിക്കണമെന്നും വിഡി സതീശൻ പറഞ്ഞു.
“സ്റ്റേഷനിൽ പ്രതികളായി എത്തുന്ന പെൺകുട്ടികളോട് തന്നെ മാന്യമായി പെരുമാറേണ്ടതുണ്ട്. ഇവിടെ വാദിയായി എത്തിയിട്ടും മോശമായി പെരുമാറി. തെറ്റ് ചെയ്ത ഉദ്യോഗസ്ഥരെ മുഴുവൻ പരസ്യമായി സംരക്ഷിക്കേണ്ട എന്തു ബാധ്യതയാണ് ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കുള്ളത്. ഇത്തരം പൊലീസുകാർക്കെതിരെ നീങ്ങാൻ നിയമ സഹായം നൽകാൻ കോൺഗ്രസ് അഭിഭാഷക ടീമിനെ ഒരുക്കാൻ തീരുമാനിച്ചിട്ടുണ്ട്”- വിഡി സതീശൻ പറഞ്ഞു.
അതേസമയം, സംഭവത്തിൽ വീഴ്ച വരുത്തിയ ആലുവ സിഐക്കെതിരെ നടപടിയെടുത്തു. ആരോപണ വിധേയനായ സിഐയെ സ്റ്റേഷൻ ചുമതലയിൽ നിന്ന് ഒഴിവാക്കി. ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. സംഭവത്തിൽ ഭർത്താവിനെതിരെ കേസ് എടുക്കുമെന്ന് പോലീസ് അറിയിച്ചു. ഇന്ന് രാവിലെയാണ് എടയപ്പുറം സ്വദേശി മോഫിയ പർവീൻ (21)നെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃ വീട്ടുകാർക്കെതിരെ പോലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്.
Read also: ജില്ല വിട്ടുപോകാം; സ്വപ്നയുടെ ജാമ്യ വ്യവസ്ഥയില്‍ ഇളവ്







































