കൊച്ചി: ആലുവയിൽ നിയമ വിദ്യാർഥിനി മോഫിയ പർവീൺ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ സസ്‌പെൻഷനിലായ സിഐ സുധീറിനെതിരെ വീണ്ടും പരാതി. ജാമ്യം നില്‍ക്കാന്‍ എത്തിയ ഡിവൈഎഫ്ഐ നേതാവ് ലിജുവിനെ മര്‍ദ്ദിച്ചെന്നാണ് പരാതി.
സുധീര്‍ അഞ്ചല്‍ സിഐ ആയിരിക്കെ ആയിരുന്നു സംഭവം. വിവാദമായതോടെ ലിജു മദ്യപിച്ചിരുന്നെന്ന് വരുത്തി തീര്‍ക്കാന്‍ സുധീര്‍ ശ്രമിച്ചുവെന്നും ആരോപണമുണ്ട്.
ഇന്നലെയാണ് മോഫിയയുടെ ആത്‌മഹത്യയുമായി ബന്ധപ്പെട്ട് ആലുവ സിഐ ആയിരുന്ന സുധീറിനെ സസ്‌പെന്‍ഡ് ചെയ്‌തത്. മോഫിയയുടെ ആത്‌മഹത്യാ കുറിപ്പില്‍ സുധീറിനെതിരെ ആരോപണമുണ്ടായിരുന്നു. സുധീറിനെതിരെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.
ഗാർഹിക പീഡനത്തിനെതിരെ നൽകിയ പരാതിക്കു പരിഹാരം കാണേണ്ട പോലീസ് ഇൻസ്‌പെക്‌ടർ മാനസികരോഗി എന്നു വിളിച്ചതാണ് മകളെ തകർത്തതെന്നു മാതാവ് ഫാരിസ കുറ്റപ്പെടുത്തിയിരുന്നു. ഇൻസ്‌പെക്‌ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസും മോഫിയയുടെ സഹപാഠികളും പോലീസിനെതിരെ പ്രതിഷേധിച്ചിരുന്നു.
അതേസമയം പ്രതികളെ കസ്‌റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി കോടതി ഇന്ന് പരിഗണിക്കും. മോഫിയയുടെ ഭര്‍ത്താവ് സുഹൈലും ഇയാളുടെ മാതാപിതാക്കളുമാണ് കേസിലെ പ്രതികള്‍. തിങ്കളാഴ്‌ച മുതല്‍ മൂന്ന് ദിവസത്തേക്ക് കസ്‌റ്റഡിയില്‍ വേണമെന്നാണ് പോലീസിന്റെ ആവശ്യം.
Most Read: മോഡലുകളുടെ മരണം; സൈജു തങ്കച്ചന്റെ കസ്‌റ്റഡി അപേക്ഷ ഇന്ന് നൽകും








































