കൊച്ചി: മുൻ മിസ് കേരള ജേതാക്കൾ വാഹനാപകടത്തിൽ മരിക്കാനിടയായ സംഭവത്തിൽ ഇന്നലെ അറസ്‌റ്റിലായ സൈജു തങ്കച്ചനെ കസ്‌റ്റഡിയിൽ വിട്ടു കിട്ടാനുള്ള അപേക്ഷ ഇന്ന് കോടതിയിൽ സമർപ്പിക്കും. ഇയാൾ മോഡലുകളുടെ വാഹനത്തെ പിന്തുടർന്നിരുന്നു.
സൈജു തങ്കച്ചന്‍ മോഡലുകളുടെ കാറിനെ എന്തിന് പിന്തുടര്‍ന്നു എന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്‌തത വരുത്താനും പ്രതിയുടെ സാന്നിധ്യത്തില്‍ ഓഡി കാറുമായി തെളിവെടുപ്പ് നടത്താനുമാണ് പോലീസ് കസ്‌റ്റഡി അപേക്ഷ നല്‍കിയത്. മോഡലുകളുടെ കാറോടിച്ച അബ്‌ദു റഹ്‌മാനെയും ഹോട്ടല്‍ ഉടമ റോയി വയലാട്ടിനെയും സൈജുവിനൊപ്പമിരുത്തി വീണ്ടും ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.
സൈജുവിന്റെ ഓഡി കാര്‍ കസ്‌റ്റഡിയിൽ എടുത്ത് കൂടുതല്‍ തെളിവെടുപ്പ് നടത്തും. നമ്പര്‍ 18 ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങളിലെ മുഴുവന്‍ ആളുകളെയും കണ്ടെത്താനുളള ശ്രമത്തിലാണ് പോലീസ്.
ഇന്നലെ മണിക്കൂറുകളോളം ചോദ്യം ചെയ്‌തതിന് ശേഷമാണ് സൈജുവിന്റെ അറസ്‌റ്റ് എറണാകുളം ജില്ലാ ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയത്. അൻസിയെയും സുഹൃത്തുക്കളെയും ഇയാൾ ഹോട്ടലിൽ നിന്ന് നേരത്തെ കാറിൽ പിന്തുടർന്നിരുന്നു എന്ന് തെളിഞ്ഞിരുന്നു.
ദുരുദ്ദേശത്തോടെ സ്‌ത്രീകളെ പിന്തുടർന്ന് ശല്യപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് അറസ്‌റ്റ്. അപകടത്തിന് കാരണമായെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. ഇയാൾക്കെതിരെ വഞ്ചനാ കുറ്റത്തിന് മറ്റൊരു കേസും നിലനിൽക്കുന്നുണ്ട്.
നേരത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നെങ്കിലും ഹാജരാകാൻ സൈജു തയ്യാറായിരുന്നില്ല. ഒളിവിലായിരുന്ന ഇയാൾ മുൻകൂർ ജാമ്യാപേക്ഷയും നൽകിയിരുന്നു. കഴിഞ്ഞ ദിവസം 24 മണിക്കൂറിനകം ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പോലീസ് ഇയാളുടെ സഹോദരന് നോട്ടീസ് കൈമാറിയിരുന്നു. സൈജുവിന്റെ ഓഫിസിലും നോട്ടീസ് പതിപ്പിച്ചു. ഇതിനെ തുടർന്ന് ഇന്നലെ അഭിഭാഷകനൊപ്പം ഹാജരാകുകയായിരുന്നു സൈജു.
Most Read: കോവിഡ് വാക്‌സിൻ; കാലാവധി 9 മാസമാക്കാൻ യൂറോപ്യൻ യൂണിയൻ