ലണ്ടൻ: കോവിഡ് വാക്‌സിനുകളുടെ കാലാവധി ഒമ്പതു മാസമാക്കാൻ ഒരുങ്ങി യൂറോപ്യൻ യൂണിയൻ (ഇയു). പ്രായപൂർത്തിയായ എല്ലാവർക്കും വാക്‌സിന്റെ ബൂസ്‌റ്റർ ഡോസുകൾ പരിഗണിക്കാമെന്ന് യൂറോപ്യൻ സെൻറർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ (ഇസിഡിസി) നിർദ്ദേശിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം. ഇതിനായി പുതിയ ആഭ്യന്തര യാത്രാ മാനദണ്ഡങ്ങൾ തയ്യാറാക്കുമെന്ന് ഇയു ജസ്‍റ്റിസ് കമ്മീഷണർ ദിദിയർ റെയ്ൻഡേർസ് അറിയിച്ചു.
രാജ്യങ്ങളിലെ കോവിഡ് കേസുകളുടെ നില, വ്യക്‌തികളുടെ വാക്‌സിൻ വിവരങ്ങൾ, രോഗമുക്‌തി നില, എന്നിവ ഇതിന്റെ ഭാഗമാകും.
നിർദിഷ്‌ട മാനദണ്ഡങ്ങളിൽ വാക്‌സിൻ സർട്ടിഫിക്കറ്റുകളുടെ സാധുതക്കായി സമയപരിധി നിശ്‌ചയിക്കും. യൂറോപ്പിലേക്കുള്ള യാത്രയ്‌ക്ക് ബൂസ്‌റ്റർ ഡോസിന് പ്രാധാന്യം നൽകും.
അതേസമയം, ബൂസ്‌റ്റർ ഷോട്ട് സർട്ടിഫിക്കറ്റുകൾക്ക് സമയപരിധി നിർദ്ദേശിക്കാൻ യൂറോപ്യൻ യൂണിയൻ തയ്യാറായിട്ടില്ല.
കൂടാതെ ആറിനും 17നും ഇടയിൽ പ്രായമുള്ള കുട്ടികൾ വാക്‌സിൻ എടുത്തിട്ടില്ലെങ്കിൽ പോലും നെഗറ്റീവ് പിസിആർ ടെസ്‌റ്റുമായി യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് യാത്രചെയ്യാം. എന്നാൽ, ഇവർക്ക് രാജ്യത്ത് എത്തിയശേഷം കോവിഡ് പരിശോധന, ക്വാറന്റെയ്ൻ എന്നിവ വേണ്ടിവരുമെന്നും അധികൃതർ വ്യക്‌തമാക്കി.
Most Read: മോഡലുകളെ ദുരുദ്ദേശത്തോടെ പിന്തുടർന്നു; ഓഡി കാറുടമ സൈജു അറസ്‌റ്റിൽ