കൊച്ചി: സിഎംആർഎൽ- എക്സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണത്തിൽ വെള്ളിയാഴ്ച വരെ തുടർനടപടികൾ പാടില്ലെന്ന് ഹൈക്കോടതി.
ഇഡി അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ സമർപ്പിച്ച അപ്പീൽ പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ എ. രാജാ വിജയരാഘവൻ, കെവി. ജയകുമാർ എന്നിവരുടെ ബെഞ്ച്. അപ്പീലിൻമേൽ വെള്ളിയാഴ്ച വിധി പറയാമെന്നും അതുവരെ ഹരജിക്കാർക്കെതിരെ നടപടി പാടില്ലെന്നുമാണ് കോടതി നിർദ്ദേശം.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡി നടത്തുന്ന അന്വേഷണങ്ങളും നൽകിയ സമൻസുകളും ചോദ്യം ചെയ്താണ് സിഎംആർഎൽ കോടതിയെ സമീപിച്ചത്. എഫ്ഐആർ പോലും ഇല്ലാതെയാണ് ഇഡി അന്വേഷണം ആരംഭിച്ചതെന്നും, അന്വേഷണം പൂർണമായും അധികാര പരിധിക്ക് പുറത്താണെന്നും നിയമവിരുദ്ധമാണെന്നുമാണ് സിഎംആർഎൽ അപ്പീലിൽ പ്രധാനമായും ഉന്നയിക്കുന്ന വാദം.
അപ്പീലിൽ അന്തിമ തീരുമാനം എടുക്കുന്നതുവരെ ഹരജിക്കാർക്ക് നീതി ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് കോടതി വ്യക്തമാക്കി. അതേസമയം, കോടതി നൽകിയ ഈ സംരക്ഷണം അപ്പീൽ ഹരജി നൽകിയ സിഎംആർഎൽ കമ്പനിക്ക് മാത്രമുള്ളതാണ്. കേസിലെ മറ്റു കക്ഷികളായ വീണാ വിജയൻ ഉൾപ്പെടെയുള്ളവർക്ക് എതിരെ നടപടി സ്വീകരിക്കുന്നതിന് ഇഡിക്ക് നിലവിൽ നിയമപരമായ തടസങ്ങൾ ഇല്ലെന്ന് കോടതി നിരീക്ഷിച്ചു.
വീണാ വിജയൻ കോടതിക്ക് മുന്നിലുള്ള കക്ഷിയല്ലാത്തതിനാൽ അവർക്കെതിരെ അന്വേഷണവുമായി മുന്നോട്ട് പോകുമെന്ന് ഇഡി കോടതിയിൽ വ്യക്തമാക്കുകയും കോടതി അത് അംഗീകരിക്കുകയും ചെയ്തു. വീണയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കുന്നതും സിഎംആർഎല്ലിലെ ഉന്നത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതും അടക്കമുള്ള നടപടികളുമായി ഇഡി മുന്നോട്ട് പോകും.
Most Read| ജലത്തിൽ തെളിയുന്ന മഴവിൽക്കാഴ്ച; ഈ ചതുപ്പുകാട് മനസിന് കുളിർമയേകും






































