കൊച്ചി: സർക്കാർ പ്ളീഡർ നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും കെഎസ്യുവും തമ്മിലുള്ള ചേരിപ്പോര് തുടരുന്നു. ഇന്ന് തേവര കോളേജിൽ നടന്ന പരിപാടിക്കിടെ കെഎസ്യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിന് മുഖ്യമന്ത്രി വിഡി സതീശൻ മുഖംകൊടുക്കാതെ നടന്നുപോകുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പ്രസംഗം കഴിഞ്ഞ് വേദിയിൽ നിന്നിറങ്ങവേ കാണാൻ കാത്തുനിന്ന അലോഷ്യസിനെ ശ്രദ്ധിക്കാതെ മുഖ്യമന്ത്രി മുഖംതിരിച്ച് പോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പരിപാടി തുടങ്ങുന്ന ഘട്ടത്തിൽ സദസിലായിരുന്ന അലോഷ്യസ്, സതീശൻ പ്രസംഗം കഴിഞ്ഞ് സ്റ്റേജിൽ നിന്ന് താഴേക്ക് ഇറങ്ങിയപ്പോൾ അദ്ദേഹത്തെ ഒന്ന് കാണാനും സംസാരിക്കാനുമായി അടുത്തേക്ക് നീങ്ങി. എന്നാൽ, മറ്റു ചിലരുമായി സംസാരിച്ച മുഖ്യമന്ത്രി, തൊട്ടടുത്തെത്തിയെ അലോഷ്യസിനെ കണ്ടില്ലെന്ന് നടിച്ച് പോവുകയായിരുന്നു.
കെഎസ്യുവിലൂടെയും യൂത്ത് കോൺഗ്രസിലൂടെയും വളർന്നുവന്ന നേതാവായ സതീശൻ, ഒരു വിദ്യാർഥി നേതാവിനോട് ഇത്തരത്തിൽ പെരുമാറുന്നത് പ്രവർത്തകർക്കിടയിൽ മോശം സന്ദേശം നൽകുമെന്ന വിമർശനം ഉയരുന്നുണ്ട്. അണികളോട് കാണിക്കേണ്ട മാന്യതയും സംഘടനാപരമായ മര്യാദയും ഇവിടെ ലംഘിക്കപ്പെട്ടതായും ആക്ഷേപം ഉയരുന്നുണ്ട്.
സർക്കാർ പ്ളീഡർ നിയമനവുമായി ബന്ധപ്പെട്ട് കെഎസ്യു ഉന്നയിച്ച വിമർശനങ്ങളാണ് ഈ ചേരിപ്പോരിന് പിന്നിൽ. തിരുവനന്തപുരം ലോ കോളേജ് യൂണിറ്റ് കമ്മിറ്റി, പ്ളീഡർ നിയമനത്തിൽ ഉന്നയിച്ച ആക്ഷേപങ്ങളോട് മുഖ്യമന്ത്രി നടത്തിയ പരിഹാസരൂപേണയുള്ള പ്രതികരണം കെഎസ്യു പ്രവർത്തകർക്കിടയിൽ വലിയ അതൃപ്തി ഉണ്ടാക്കിയിരുന്നു.
പ്ളീഡർമാരുടെ കാര്യം തീരുമാനിക്കുന്നത് യൂണിറ്റ് കമ്മിറ്റിയാണോ എന്നും അവർക്ക് ഇതിൽ എന്ത് റോളാണ് ഉള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് അലോഷ്യസ് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെക്കുകയും മുഖ്യമന്ത്രിയെ നേരിൽ കണ്ട് അതൃപ്തി അറിയിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ, കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചിരുന്നില്ല.
അതേസമയം, സർക്കാർ പ്ളീഡർ നിയമനത്തിൽ തെറ്റ് പറ്റിയിട്ടുണ്ടെന്നും അത് തിരുത്തണമെന്നുമാണ് താൻ ചൂണ്ടിക്കാട്ടിയതെന്ന് അലോഷ്യസ് വ്യക്തമാക്കി. തങ്ങളെ കായികമായി ആക്രമിച്ച ഒരു സംഘത്തിന്റെ പ്രതിനിധിയാണ് നിയമനത്തിൽ ഉൾപ്പെട്ടത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് കുറച്ചുകൂടി ജാഗ്രത പുലർത്താമായിരുന്നു. ആ തെറ്റ് ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്. അത് തെറ്റാണെന്ന് തോന്നുന്നുണ്ടെങ്കിൽ ആ തെറ്റ് തുടരുമെന്നും അലോഷ്യസ് കൂട്ടിച്ചേർത്തു.
Most Read| ആഫ്രിക്കയിലെ മൗണ്ട് ടുബ്കാൽ കൊടുമുടി കീഴടക്കി എട്ടുവയസുകാരി ഇയ്യ കൃഷ്


































