തിരുവനന്തപുരം: തിരുവല്ലയിലെ സിപിഎം നേതാവ് സന്ദീപിന്റെ കൊലപാതകം ആർഎസ്എസിന്റെ മേൽ കെട്ടിവെക്കാനുള്ള സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ശ്രമം നീചമെന്ന് എംടി രമേശ്. രക്തസാക്ഷിയെ വീണു കിട്ടിയതിലുള്ള ആഹ്ളാദമാണ് സിപിഎം നേതാക്കൻമാരുടെ മുഖത്തുള്ളത് എന്നും അദ്ദേഹം ആരോപിച്ചു.
അഞ്ച് പ്രതികളിൽ മൂന്ന് പേരും സിപിഎമ്മിന്റെ സഹയാത്രികരാണ്. ഒന്നാം പ്രതി ജിഷ്ണുവിനെ യുവമോർച്ച പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് രണ്ട് വർഷം മുമ്പാണ് ഇയാളെ യുവമോർച്ചയിൽ നിന്ന് നീക്കിയത്. ലഹരിക്കച്ചവടവുമായി ബന്ധമുള്ള ഗുണ്ടാ സംഘമാണ് കൊല നടത്തിയത്. ബോധപൂർവം സംഘർഷം ഉണ്ടാക്കാനാണ് സിപിഎം ശ്രമമെന്നും എംടി രമേശ് ആരോപിച്ചു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ ആർഎസ്എസിന്റെ പേര് പറയാത്തത് ശരിയായ വിവരങ്ങൾ മുഖ്യമന്ത്രിക്ക് കിട്ടിയതു കൊണ്ടാണെന്നും എം ടി രമേശ് പറയുന്നു. എന്നാൽ കോടിയേരി ഈ നിലപാടിനെ വെല്ലുവിളിക്കുകയാണ്. സിപിഎം പോലീസിനെ സമ്മർദ്ദത്തിലാക്കുന്നു. തിരുവല്ലയിൽ പാർട്ടി പ്രവർത്തകയെ ഡിവൈഎഫ്ഐ നേതാക്കൾ പീഡിപ്പിച്ച സംഭവം വഴി തിരിച്ചു വിടാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
ജിഷ്ണു നിലവിൽ ബിജെപി അംഗമാണോ എന്ന് അറിയില്ല. കോടിയേരിയുടെ വാർത്താ സമ്മേളനത്തിന് ശേഷമാണ് പോലീസ് നിലപാട് മാറിയത് എന്നും എംടി രമേശ് പറയുന്നു.
Most Read: ‘മഴയെ പഴിക്കാതെ പരിഹാരം പരിശോധിക്കും’; ജയസൂര്യയ്ക്ക് മറുപടിയുമായി മുഹമ്മദ് റിയാസ്