ആലപ്പുഴ: ആശുപത്രിയിൽ നിന്നു ഡിസ്ചാജ് ആയിട്ടും യാത്രാച്ചെലവിനു പണമില്ലാതെ വിഷമിച്ച ബെംഗളൂരു സ്വദേശിയെ വാടകയില്ലാതെ നാട്ടിലെത്തിച്ച് ആംബുലൻസ് ഡ്രൈവർമാർ മാതൃകയായി. പുറക്കാട് കേന്ദ്രമാക്കി സർവീസ് നടത്തുന്ന ‘ഹാർട്ട് ബീറ്റ്സ്’ എന്ന ആംബുലൻസിലെ ജീവനക്കാരായ പുറക്കാട് സ്വദേശികളായ കരൂർ പുതുവൽ സജിത്ത് (28), അഴിക്കകത്തുതോപ്പിൽ മനു (28) എന്നിവരാണ് രക്ഷകരായത്.
രണ്ടാഴ്ചയായി ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ അർബുദ ചികിൽസയിലായിരുന്നു ബെംഗളൂരു രാമമൂർത്തിനഗർ സ്വദേശി. ആശുപത്രിയിൽ നിന്നു വിട്ടയച്ച ഇദ്ദേഹത്തെ നാട്ടിലെത്തിക്കാൻ വഴിയില്ലാതെ ഭാര്യ വിഷമിക്കുന്നത് സാമൂഹിക മാദ്ധ്യമത്തിലൂടെയാണ് സജിത്തും മനുവും അറിഞ്ഞത്. വൈകാതെ അവർ ആംബുലൻസുമായി ആശുപത്രിയിലേക്ക് എത്തുകയായിരുന്നു.
തിങ്കളാഴ്ച പുലർച്ചെ മൂന്നരയോടെ ഇവർ രോഗിയുമായി ബെംഗളൂരുവിലേക്കു പുറപ്പെട്ടു. ആശുപത്രിയിലുണ്ടായിരുന്ന സുമനസുകൾ ചേർന്നാണ് ആംബുലൻസിന് ഇന്ധനം നിറക്കാനുള്ള പണം സ്വരൂപിച്ചു നൽകിയത്.
Most Read: പോരാട്ടത്തിന് പ്രായം തടസമല്ല; ലോകത്തെ സ്വാധീനിച്ച സ്ത്രീകളിൽ പതിനഞ്ചുകാരിയും






































