പാലക്കാട്: പാലക്കാട്-കോയമ്പത്തൂർ റെയിൽവേ പാളങ്ങളിൽ കാട്ടാനകൾ ട്രെയിൻ തട്ടി അപകടത്തിൽപ്പെടുന്നത് തടയാൻ നടപടി. വിഷയത്തിൽ നടപടി സ്വീകരിക്കുന്നതിനായി വനംവകുപ്പും റെയിൽവേയും യോഗം ചേർന്നു. ആനകൾ പാളങ്ങളിലേക്ക് എത്തുന്നത് നേരത്തെ തിരിച്ചറിയുന്നതിനായി ഇരുഭാഗത്തേയും ഉദ്യോഗസ്‌ഥരുടെ ആശയവിനിമയം ശക്‌തമാക്കാൻ യോഗത്തിൽ തീരുമാനിച്ചു. കൂടാതെ, ഹാങ്ങിങ് ഫെൻസിങ് ഉൾപ്പടെ സ്‌ഥാപിക്കാനും തീരുമാനമായി.
അടുത്തിടെ വാളയാറിനടുത്ത് ട്രെയിൻ തട്ടി മൂന്ന് ആനകൾ ചരിഞ്ഞതിനെ തുടർന്നാണ് പ്രശ്‌നപരിഹാരത്തിന് റെയിൽവേയും വനംവകുപ്പും നടപടികൾ സ്വീകരിച്ചത്. അതേസമയം, ഇതുവരെ കാട്ടാനകൾ ട്രെയിൻ തട്ടി ചെരിഞ്ഞത് സംബന്ധിച്ചും, നിലവിലെ സ്‌ഥിതിയെ കുറിച്ചും യോഗത്തിൽ ചർച്ച ചെയ്‌തു. വല്ലടി മുതൽ വാളയാർ വരെയുള്ള 13 കിലോമീറ്ററാണ് വന മേഖലയിലൂടെ ട്രെയിൻ കടന്നുപോകുന്നത്.
ഇവിടെ വ്യൂ ലൈൻ ക്ളിയർ ചെയ്യാനും, ട്രക്കർമാരെ നിയോഗിക്കാനും യോഗത്തിൽ തീരുമാനിച്ചു. കൂടാതെ, റെയിൽവേ ഉദ്യോഗസ്‌ഥരെയും ഉൾപ്പെടുത്തി വാട്‌സ് ആപ് ഗ്രൂപ്പ് രൂപീകരിച്ച് ആശയവിനിമയ ശക്‌തമാക്കാനും തീരുമാനിച്ചു. കഴിഞ്ഞ 20 വർഷത്തിനിടെ 33 കാട്ടാനകളാണ് ഈ പാതയിൽ ട്രെയിൻ തട്ടി ചരിഞ്ഞത്. ഈ വർഷം മാത്രം നാല് കാട്ടാനകൾ ചരിഞ്ഞിട്ടുണ്ട്.
Most Read: സംയുക്‌ത സേനാ മേധാവി സഞ്ചരിച്ച ഹെലികോപ്‌ടർ തകർന്നു; നാല് മരണം





































