ബെംഗളൂരു: ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസിൽ പോലീസ് കസ്റ്റഡിയിൽ കഴിയവേ രക്ഷപെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. വ്യോമസേനയിലെ സെർജെന്റ് ആയിരുന്ന ദരംസിങ് യാദവിനെയാണ് 11 വർഷത്തിന് ശേഷം ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. അസമിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
2008 ഒക്ടോബറിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. ഭാര്യയെയും രണ്ടുമക്കളെയും ദാരുണമായി ഇയാൾ കൊലപ്പെടുത്തുകയായിരുന്നു. കേസിൽ അറസ്റ്റിലായി പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്നതിനിടെ 2010ൽ ചികിൽസക്കായി ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന്, കാവൽ നിന്ന പോലീസുകാർക്ക് നേരെ മുളകുപൊടി എറിഞ്ഞ ശേഷം ദരംസിങ് യാദവ് രക്ഷപെടുകയായിരുന്നു.
1987 മുതൽ 2007 വരെയാണ് ഹരിയാന സ്വദേശിയായ ദരംസിങ് യാദവ് വ്യോമസേനയിൽ ജോലി ചെയ്തിരുന്നത്. ഭാര്യ അനു, മക്കളായ ശുഭം, കീർത്തി എന്നിവർക്കൊപ്പം ബെംഗളൂരു വിദ്യാരനപുരയിലായിരുന്നു താമസം. എന്നാൽ, വ്യോമസേനയിൽ നിന്ന് ജോലി വിട്ടതിന് പിന്നാലെ ഇയാൾ മാട്രിമോണിയൽ സൈറ്റ് വഴി മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലായി. ഒടുവിൽ ഈ യുവതിയോടൊപ്പം ജീവിക്കാൻ തീരുമാനിച്ചതിനെ തുടർന്ന് ഭാര്യയെയും മക്കളെയും ദരംസിങ് കൊലപ്പെടുത്തുകയായിരുന്നു.
കവർച്ചാശ്രമത്തിനിടെ മോഷ്ടാക്കൾ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി എന്നായിരുന്നു ഇയാൾ പോലീസിന് നൽകിയിരുന്ന മൊഴി. വിശദമായ അന്വേഷണത്തിനൊടുവിൽ കൊലപാതകി ദരംസിങ് തന്നെയെന്ന് പോലീസ് കണ്ടെത്തി. ഇയാളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കുകയും ചെയ്തു. ഇതിനിടെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ആശുപത്രിയിൽ അഡ്മിറ്റ് ആയ ദരംസിങ് തന്ത്രപൂർവം രക്ഷപെടുകയായിരുന്നു.
Also Read: രാജ്യത്ത് ഏറ്റവും കൂടുതല്‍ മനുഷ്യാവകാശ ലംഘനം യുപിയില്‍; ആഭ്യന്തര മന്ത്രാലയം








































