കോവിഡിന്റെ വരവും ലോക്ക് ഡൗണും ഒക്കെ ആയപ്പോൾ എല്ലാവരും വർക്ക് ഫ്രം ഹോമിലേക്ക് മാറി. ഇതോടെ ജീവിത രീതിയിലും ആരോഗ്യ പരിചരണത്തിലും പല മാറ്റങ്ങളും ഉണ്ടായി. നമ്മൾ കുറച്ച് മടിയൻമാരായി എന്ന് പറയുന്നതാവും കുറച്ചുകൂടി നല്ലത്. കാരണം, ദിവസവും വ്യായാമം ചെയ്തിരുന്ന നമ്മൾ അതേക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യാതായി.
ഇനി വ്യായാമങ്ങളിലേക്ക് തിരികെ വരാൻ നിങ്ങളുടെ ഉള്ളിൽ ആഗ്രഹമുണ്ടെങ്കിൽ, നിങ്ങൾക്ക് പ്രചോദനമാകുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരു പൂച്ച ജിമ്മിൽ വ്യായാമം ചെയ്യുന്നതിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
ശരീരത്തിന്റെ ആകാരം നിലനിർത്തേണ്ടതിന്റെ ആവശ്യകത ഈ പൂച്ചയും തിരിച്ചറിഞ്ഞെന്ന് തോന്നുന്നു. രസകരമായ വീഡിയോയിൽ, ഒരു പൂച്ച വയർ കുറക്കാൻ ജിമ്മിൽ ക്രഞ്ചസും സിറ്റ്-അപ്പുകളും ചെയ്യുന്നതായി കാണാം. ചൈനയിലെ ജിനിംഗ് നഗരത്തിൽ നിന്നാണ് ഈ വീഡിയോ എടുത്തത് എന്നും പൂച്ചയുടെ ഉടമ തന്നെയാണ് വീഡിയോ പകർത്തിയതെന്നും ഡെയ്ലി മെയിൽ റിപ്പോർട് ചെയ്തു.
@anu2181 എന്ന ട്വിറ്റർ ഉപയോക്താവ് “ഞാൻ എന്റെ സ്വപ്നങ്ങളിൽ” എന്ന അടിക്കുറിപ്പോടെ വീഡിയോ പങ്കുവച്ചിട്ടുണ്ട്. വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി.
Most Read: തണുപ്പ് കാലത്തെ ആരോഗ്യ സംരക്ഷണം; ഭക്ഷണത്തിൽ മഞ്ഞൾ ഉൾപ്പെടുത്താം








































