കാഞ്ഞങ്ങാട്: പെട്രോളിയം ഉൽപന്നവുമായി പോകുകയായിരുന്ന ടാങ്കർ ലോറിയുടെ ടയറിൽ തീപടർന്നു. പൊടുന്നനെ തീ നിയന്ത്രണ വിധേയമാക്കാനായതിനാൽ വൻ ദുരന്തം ഒഴിവായി. വെള്ളിയാഴ്‌ച പുലർച്ചെ നാലേമുക്കാലോടെ ചിത്താരി പാലത്തിനും ചാമുണ്ഡിക്കുന്നിനും ഇടയിൽ കാസർഗോഡ്- കാഞ്ഞങ്ങാട് സംസ്‌ഥാന പാതയിലാണ് സംഭവം.
ലോറിയുടെ പിറകുവശത്തെ ടയറിലേക്കുള്ള എയർ പൈപ്പ് അമര്‍ന്നു പോയതാണു തീ പടരാന്‍ കാരണം. ലോറിയുടെ പിന്നാലെയെത്തിയ വാഹനത്തിലുണ്ടായിരുന്ന ആളാണു തീ പടരുന്നത് കണ്ടത്. ഉടൻ തന്നെ ഇദ്ദേഹം ലോറിയെ പിന്തുടർന്നു തീപടർന്ന കാര്യം ഡ്രൈവറെ അറിയിക്കുകയായിരുന്നു. ഇദ്ദേഹം തന്നെയാണ് അഗ്‌നിരക്ഷാസേനയെയും വിവരം അറിയിച്ചത്. ഇദ്ദേഹത്തിന്റെ കൃത്യസമയത്തെ ഇടപെടലാണു വലിയ ദുരന്തം ഒഴിവാക്കിയത്.
വിവരമറിഞ്ഞ് കാഞ്ഞങ്ങാട് അഗ്നിരക്ഷാസേന സ്‌റ്റേഷൻ ഓഫിസർ കെ സതീഷിന്റെ നേതൃത്വത്തിലുള്ള സംഘം ഒരുമണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് തീയണക്കാൻ സാധിച്ചത്.
Also Read: വിവാഹവാര്‍ഷിക ആഘോഷത്തിനിടെ സംഘര്‍ഷം; യുവാവ് കൊല്ലപ്പെട്ടു






































