തിരുവനന്തപുരം: ഓൺലൈൻ റിസർവേഷനിൽ ഇളവുകളുമായി കെഎസ്ആർടിസി. പുതുവൽസരം മുതലാണ് യാത്രക്കാർക്ക് റിസർവേഷനിൽ ഇളവുകൾ അനുവദിക്കുന്നത്. ഇതിന്റെ ഭാഗമായി നിലവിലുള്ള റിസർവേഷൻ നിരക്ക് 30 രൂപയിൽ നിന്നും 10 രൂപയായി കുറച്ചു. കൂടാതെ 72 മണിക്കൂർ മുൻപു വരെ ടിക്കറ്റ് കാൻസൽ ചെയ്യുന്നതിന് ചാർജും ഈടാക്കില്ല.
ബസ് പുറപ്പെടുന്നതിന് 2 മണിക്കൂറിനകമുള്ള കാൻസലേഷനുകൾ അനുവദിക്കില്ലെന്ന് കെഎസ്ആർടിസി അറിയിച്ചിട്ടുണ്ട്. 72 മണിക്കൂറിനും 48 മണിക്കൂറിനും ഇടയിൽ കാൻസൽ ചെയ്‌താൽ അടിസ്‌ഥാന നിരക്കിന്റെ 10 ശതമാനവും, 48– 24 മണിക്കൂറുകൾക്ക് ഇടയിൽ 25 ശതമാനവും, 24– 12 മണിക്കൂറുകൾക്ക് ഇടയിൽ 40 ശതമാനവും, 12– 2 മണിക്കൂറുകൾക്ക് ഇടയിൽ 50 ശതമാനവും കാൻസലേഷൻ നിരക്ക് നൽകണം.
കെഎസ്ആർടിസിയുടെ ഫ്രാഞ്ചൈസി/ കൗണ്ടർ വഴി റിസർവ് ചെയ്യുന്ന ടിക്കറ്റുകൾ യാത്രാതീയതി നിബന്ധനകൾക്ക് വിധേയമായി യാത്രക്കാർക്ക് മാറ്റി നൽകുകയും ചെയ്യും. കൂടാതെ 4 യാത്രക്കാരിൽ കൂടുതൽ പേർ ഒരുമിച്ചു ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഒരു ടിക്കറ്റിന്റെ റിസർവേഷൻ ചാർജ് മാത്രമേ ഈടാക്കുകയുള്ളൂ. ഒപ്പം തന്നെ മടക്കയാത്ര ടിക്കറ്റ് ഉൾപ്പടെ ഒരുമിച്ച് ബുക്ക് ചെയ്‌താൽ അടിസ്‌ഥാന നിരക്കിന്റെ 10 ശതമാനം ഇളവും അനുവദിക്കും.
Read also: ഒമൈക്രോൺ കേസുകൾ വർധിക്കുന്നു; മുന്നറിയിപ്പ് നൽകി ആരോഗ്യവകുപ്പ്






































