ഷാർജ: യുഎഇയിൽ പല സ്‌ഥലങ്ങളിലും കനത്ത മഴ പെയ്‌ത സാഹചര്യത്തിൽ ഷാർജയിലെ മെലീഹ റോഡ് താൽകാലികമായി അടച്ചിട്ടേക്കും. ശനിയാഴ്‌ച രാത്രി ഷാർജ പോലീസാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. മഹാഫിൽ ഏരിയയിൽ നിന്ന് കൽബയിലേക്കും ഫുജൈറയിലേക്കുമുള്ള രണ്ട് ദിശകളിലെയും റോഡ് അടക്കുമെന്നാണ് മുന്നറിയിപ്പ്.
കനത്ത മഴയെ തുടർന്ന് റോഡിൽ വെള്ളം നിറഞ്ഞതാണ് നിയന്ത്രണത്തിനുള്ള കാരണം. ഈ റോഡ് വഴി പോകേണ്ടവർ പകരം ഷാർജ- അൽ ദൈത് റോഡോ അല്ലെങ്കിൽ ഖോർഫകാൻ റോഡോ ഉപയോഗിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. വെള്ളിയാഴ്‌ച മുതൽ യുഎഇയിലെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയാണ് പെയ്‌തുകൊണ്ടിരിക്കുന്നത്.
രാജ്യത്തെ പ്രധാന വിനോദസഞ്ചാര മേഖലയായ ജബൽ ജെയ്‌സിലെ സിപ്‌ലൈൻ ഞായറാഴ്‌ചയും അടച്ചിടുമെന്ന് അറിയിച്ചിട്ടുണ്ട്. ഷാർജ, ദുബായ്, റാസൽഖൈമ, അൽ ഐൻ എന്നിവിടങ്ങളിലെല്ലാം മഴ ലഭിച്ചതായി യുഎഇ ദേശീയ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.
Also Read: കുനൂർ ഹെലികോപ്റ്റർ അപകടം; അട്ടിമറിയില്ലെന്ന് റിപ്പോർട്






































