ന്യൂഡെൽഹി: ഫെബ്രുവരിയിൽ തിരഞ്ഞെടുപ്പ് നടക്കുന്ന 5 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ. മാർഗനിർദ്ദേശങ്ങൾ പ്രകാരം എല്ലാ പോളിംഗ് സ്റ്റേഷനുകളും ഗ്രൗണ്ട് ഫ്ളോറിൽ ആയിരിക്കും. കൂടാതെ ഓരോ മണ്ഡലത്തിലെയും ഒരു പോളിംഗ് സ്റ്റേഷൻ വനിതകൾ നിയന്ത്രിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
എല്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും മുന്നണി പോരാളികൾ ആയിരിക്കുമെന്നും മാർഗ നിർദ്ദേശത്തിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രോട്ടോക്കോളുകൾ പാലിച്ച് കർശന നിയന്ത്രണത്തോടെയായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. സ്ഥാനാർഥികൾക്ക് ഇത്തവണ ഓൺലൈനായി നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയും ചെയ്യാം. കൂടാതെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഉള്ളവർക്ക് 2 ഡോസ് വാക്സിൻ ഉറപ്പ് വരുത്തുമെന്നും, ഇവർക്ക് ബൂസ്റ്റർ ഡോസ് നൽകാൻ തീരുമാനിച്ചെന്നും അധികൃതർ അറിയിച്ചു.
5 സംസ്ഥാനങ്ങളിലെ 690 മണ്ഡലങ്ങളിലേക്ക് ഫെബ്രുവരി മുതലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഉത്തർപ്രദേശിലാണ് ആദ്യ വോട്ടെടുപ്പ്. ഫെബ്രുവരി 10ആം തീയതി ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന യുപിയിൽ 7 ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് പൂർത്തിയാക്കുക. ഫെബ്രുവരി 10,14,20,23,27, മാർച്ച് 3,7 തീയതിലാണ് യുപിയിൽ വോട്ടെടുപ്പ്. ഗോവ, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളിൽ ഫെബ്രുവരി 14 നും, മണിപ്പൂരിൽ ഫെബ്രുവരി 27, മാർച്ച് 3 എന്നീ തീയതികളിലും വോട്ടെടുപ്പ് നടക്കും. മാർച്ച് 10ആം തീയതിയാണ് വോട്ടെണ്ണൽ.
Read also: കെഎസ്ആർടിസിയുടെ ഗ്രാമവണ്ടി സർവീസ് ഉടൻ; ഗതാഗതമന്ത്രി






































