ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിലും രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിന് മുകളിലാണ്. 1,79,723 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് പുതുതായി സ്ഥിരീകരിച്ചത്. പ്രതിദിന കേസുകളിൽ 12.9 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായിരിക്കുന്നത്. തുടർച്ചയായി നാലാം ദിവസമാണ് ഇപ്പോൾ പ്രതിദിന രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തിന് മുകളിൽ റിപ്പോർട് ചെയ്യുന്നത്.
കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 146 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ കോവിഡിനെ തുടർന്ന് മരിച്ച ആകെ ആളുകളുടെ എണ്ണം 4,83,936 ആയി ഉയർന്നു. കൂടാതെ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്ന ആളുകളുടെ എണ്ണം 7 ലക്ഷത്തിന് മുകളിലെത്തി. 7,23,619 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിൽസയിൽ കഴിയുന്നത്.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 13.29 ശതമാനമായി ഉയർന്നപ്പോൾ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 7.92 ശതമാനമായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കൂടാതെ കോവിഡ് മുക്തി നിരക്ക് നിലവിൽ 96.62 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 46,569 പേരാണ് രാജ്യത്ത് കോവിഡ് മുക്തി നേടിയത്. അതേസമയം രാജ്യത്തെ ഒമൈക്രോൺ കേസുകൾ 4,033 ആയും ഉയർന്നു. ഒമൈക്രോൺ രോഗികൾ ഉയരുന്ന സാഹചര്യത്തിലാണ് രാജ്യത്തെ കോവിഡ് കേസുകളും വർധിക്കുന്നത്.
Read also: സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിന് തുടക്കം; മുഖ്യമന്ത്രി പങ്കെടുക്കില്ല







































